1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2022

സ്വന്തം ലേഖകൻ: ലോക കേരള സഭയില്‍ പ്രവാസലോകത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് എലിസബത്ത്. കഴിഞ്ഞ 31 വര്‍ഷമായി പ്രവാസി ജീവിതം നയിക്കുന്ന അവര്‍ ലോക കേരള സഭയില്‍ പ്രതിനിധിയായാണ് എത്തിയത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് തന്റെ അനുഭവങ്ങള്‍ എലിസബത്ത് വിവരിച്ചത്‌. 31 വര്‍ഷമായി വീട്ടു ജോലി ചെയ്യുകയായിരുന്നു. എട്ട് വയസുമുതല്‍ വീട്ടു ജോലി ചെയ്യുന്നു. പതിനെട്ടാം വയസിലായിരുന്നു വിവാഹം.

മാനസിക വൈകല്യമുള്ള ആള്‍ക്കായിരുന്നു എലിസബത്തിനെ വിവാഹം കഴിച്ചു കൊടുത്തത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും മാനസിക വൈകല്യം അനുഭവിക്കുന്നുണ്ടായിരുന്നു. രണ്ടു കുട്ടികളുണ്ടായതിന് ശേഷം കുടുംബത്തെ സംരക്ഷിക്കാന്‍ വേണ്ടി പ്രവാസ ലോകത്തേക്ക് തിരിച്ചു. ആദ്യം ഖത്തറിലേക്കായിരുന്നു പോയത്. 30-ാം വയസിലാണ് ഖത്തറിലെത്തുന്നത്.

‘എല്ലാവരും ചോദിക്കും എത്ര ബാങ്കിലാണ് ചേച്ചിക്ക് അക്കൗണ്ട് ഉള്ളത് എന്ന്. ഞാൻ പറയും അക്കൗണ്ടും ഉണ്ട് ഇത്രയും വർഷമായിട്ട് ഒരു കിടപ്പാടവും ഇല്ല എന്ന്. ഒരുവിധം നിരങ്ങി നീങ്ങുകയാണ് ജീവിതം. അതാണ് കഴിഞ്ഞ 31 വർഷത്തെ ജീവിതത്തിൽ നിന്ന് എനിക്കാകെയുള്ള സമ്പാദ്യം. പെൺകുട്ടികളെ രണ്ടു പേരേയും കല്യാണം കഴിച്ചു കൊടുത്തു’. ഭർത്താവ് മരിച്ചിട്ട് ആറുമാസമായെന്നും ലോക കേരള സഭയില്‍ എലിസബത്ത് വിങ്ങിപ്പൊട്ടി പറഞ്ഞു.

വീട്ടുജോലി എന്നത് വളരെ കഷ്ടപ്പെട്ട ഒന്നാണ്. 24 മണിക്കൂറും ജോലിയാണ്. ജോലി ചെയ്തിട്ട് ശമ്പളം തരാതിരുന്നിട്ടുണ്ട്. ശരീരം മാന്തിക്കീറി ഓടിയിട്ടുണ്ട്, ജീവൻ രക്ഷപ്പെടുത്താൻ വേണ്ടി എംബസിയിൽ അഭയം പ്രാപിക്കേണ്ടി വന്നിട്ടുണ്ട്. ചിക്കൻപോക്സ് വന്നപ്പോൾ പോലും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. വിശന്നിട്ട് കച്ചറയിൽ നിന്ന് (എച്ചില്‍) ഭക്ഷണം പോലും എടുത്തിട്ടുണ്ടെന്ന് എലിസബത്ത് പൊട്ടിക്കരഞ്ഞു കൊണ്ട് വിവരിച്ചു. കേട്ടു നിന്നവരും ഒരു നിമിഷം സ്തംബ്ദരായി.

കുട്ടിക്കാലത്തു തുടങ്ങിയതാണ് കുടുംബത്തിനായുള്ള മോളിയുടെ ഓട്ടം. 18–ാം വയസ്സിൽ വിവാഹിതയായി. ഭർത്താവ് മാനസിക പ്രശ്നങ്ങളുള്ള ആളായിരുന്നു. അത് മറച്ചുവച്ചായിരുന്നു വിവാഹം. കുടുംബം നോക്കാൻ ജോലിക്കായി 1991 ൽ ഖത്തറിലെത്തിയെങ്കിലും അടുത്തവർഷം അവസാനം നാട്ടിലേക്കു മടങ്ങി. 1993 ലാണ് ഒമാനിലേക്കു പോകുന്നത്.

നാട്ടിലുള്ള ഒരാളുടെ ബന്ധുവിന്റെ കുടുംബത്തിൽ വീട്ടുജോലിക്കാരിയായി. ആ മലയാളി കുടുംബം സമയത്തു ഭക്ഷണം പോലും നൽകിയിരുന്നില്ല. മോളി സുഖമില്ലാതെ കിടക്കുന്ന സമയങ്ങളിൽ അവർ ഹോട്ടലിൽനിന്ന് ഭക്ഷണം എത്തിച്ചു കഴിക്കും. ബാക്കിവരുന്നതിൽ തുപ്പിയശേഷം വേസ്റ്റ് ബക്കറ്റിലിടും. അതാണു മോളിക്കു കഴിക്കാൻ നല്‍കുന്നത്. അടുത്തുള്ള കടയിലല്ലാതെ മറ്റൊരിടത്തും പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. പാസ്പോർട്ട് അടക്കമുള്ള രേഖകൾ അവരുടെ കയ്യിലായിരുന്നു.

ദുരിതം സഹിക്കാനാവാതെ വന്നപ്പോൾ വീടിനടുത്തുള്ള കടയുടമയോട് എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചു. ‘അറബി അറിയാം, അറബിഭക്ഷണവും ഉണ്ടാക്കും, എവിടെയെങ്കിലും ജോലി ശരിയാക്കിത്തരണം’ എന്നു പറഞ്ഞു വീട്ടിലെ ഫോൺ നമ്പറും നൽകി. മലയാളി കുടുംബം രാവിലെ പത്തു വരെയും വൈകുന്നേരം അഞ്ചുമണിക്കു ശേഷവും വീട്ടിലുണ്ടാകുമെന്നും അപ്പോൾ ഫോൺ വിളിക്കരുതെന്നും പറഞ്ഞു.

ഒരു ഒമാനിയുടെ വീട്ടിൽ ജോലിയുണ്ടെന്നു മൂന്നാം ദിവസം കടയുടമ അറിയിച്ചു. ആ വീട്ടിലെ പ്രായമായ രണ്ട് അമ്മമാരെ നോക്കുകയാണ് ജോലി. മോളി സമ്മതം അറിയിച്ചു. പക്ഷേ, അവിടേക്കുള്ള വഴി അറിയില്ല. ടാക്സിക്കാരോട് പറഞ്ഞാൽ‌ ആ സ്ഥലത്തെത്തിക്കുമെന്നു കടയുടമ പറഞ്ഞു. മലയാളി കുടുംബം വീട്ടിലില്ലാത്ത സമയത്ത് രക്ഷപ്പെടാന്‍ മോളി തീരുമാനിച്ചു. പക്ഷേ, ആ വീട്ടിലെ ചെറിയ കുട്ടി ഒപ്പമുണ്ട്. അതിനെ ഒറ്റയ്ക്കാക്കി പോകാൻ മോളിക്കു തോന്നിയില്ല.

കുട്ടിയെ തൊട്ടടുത്ത വീട്ടിൽ ഏൽപിച്ചു. നാട്ടിലേക്കു ഫോൺ ചെയ്യാൻ ടെലിഫോൺ ബൂത്തിലേക്കു പോകുകയാണെന്ന് കള്ളം പറഞ്ഞു. വീട്ടിലെത്തി മൂന്നാം നിലയിലെ അടുക്കള വാതിലിലൂടെ വസ്ത്രങ്ങൾ താഴേക്കിട്ടു. പുറത്തിറങ്ങി ടാക്സി പിടിച്ച് ഒമാൻ സ്വദേശിയുടെ വീട്ടിലെത്തി. തനിക്കു പാസ്പോർട്ടോ മറ്റു രേഖകളോ ഇല്ലെന്നും കടുത്ത ദുരിതത്തിലാണെന്നും അവരോടു പറഞ്ഞു. ഒന്നും പേടിക്കേണ്ടെന്നും എല്ലാം ശരിയാക്കാമെന്നും ആ കുടുംബം ഉറപ്പു നൽകി.

നേരത്തേ ജോലി ചെയ്ത മലയാളിയുടെ വീട്ടിലേക്കു ഫോൺ ചെയ്ത് പുതിയ ജോലിയിൽ പ്രവേശിച്ച കാര്യം പറഞ്ഞു. മൂന്നരപ്പവന്റെ മാല കാണാനില്ലെന്നും മോളിക്കെതിരെ കേസ് കൊടുക്കുമെന്നുമായിരുന്നു മലയാളിയുടെ ഭീഷണി. കേസ് കൊടുക്കാന്‍ മോളി പറഞ്ഞതോടെ കുടുംബം ഫോൺ കട്ടു ചെയ്തു. പിന്നെ ശല്യം ഉണ്ടായില്ല. മോളിയുടെ പാസ്പോർട്ടും മറ്റും തിരികെ ലഭിക്കാൻ ഒമാൻ കുടുംബം സഹായിച്ചു. 9 വർഷം അവിടെ ജോലി ചെയ്തു. രണ്ട് അമ്മമാരും മരിച്ചതോടെ മറ്റൊരു കുടുംബത്തിൽ ജോലിക്കു കയറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.