1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മൊണാര്‍ക്ക് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിക്കുമ്പോള്‍ വഴിയാധാരമാകുന്നത് രണ്ടായിരത്തോളം ജീവനക്കാര്‍, വിദേശ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് യാത്രക്കാരെ മടക്കിക്കൊണ്ടു വരാന്‍ സമാധാന കാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം. തിങ്കളാഴ്ച രാവിലെയാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്രിട്ടണിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയതായും സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായും ട്വിറ്ററിലൂടെ അറിയിപ്പുണ്ടായത്.

മുന്നറിയിപ്പില്ലാതെ കമ്പനി സര്‍വീസുകള്‍ നിര്‍ത്തിയതോടെ മൊണാര്‍ക്കില്‍ യാത്ര ചെയ്തിരുന്ന ഒരു ലക്ഷത്തിലേറെ യാത്രക്കാര്‍ വിദേശത്ത് കുടുങ്ങി. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. മുന്‍കൂറായി ബുക്കുചെയ്തിരുന്ന മൂന്നു ലക്ഷത്തിലധികം ടിക്കറ്റുകളും എയര്‍ലൈന്‍സ് റദ്ദാക്കിയിട്ടുണ്ട്. മുപ്പതിലേറെ വിമാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍ക്കാര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ സഹായത്തോടെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് യാത്രക്കാരെ വിദേശത്തു നിന്ന് തിരികെയെത്തിക്കുന്നത്.

സമാധാനകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ബ്രിട്ടണ്‍ നടത്തുന്നത്. ഇങ്ങനെ തിരികെയെത്തിക്കുന്ന യാത്രക്കാരില്‍നിന്നും പണം ഈടാക്കില്ല. എങ്കിലും സ്വന്തം ചെലവില്‍ ഹോട്ടല്‍ വാടക നല്‍കിയും ജീവിക്കാന്‍ പണം കണ്ടെത്തിയും രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെ ഇവര്‍ക്ക് വിദേശ രാജ്യങ്ങളില്‍ കഴിയേണ്ടിവരും. ചുരുങ്ങിയത് മൂന്നാഴ്ചകൊണ്ടേ വിദേശത്തു കുടുങ്ങിയ എല്ലാവരെയും തിരികെയെത്തിക്കാന്‍ കഴിയൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊണാര്‍ക്ക് ട്രാവല്‍ ഗ്രൂപ്പ്, മൊണാര്‍ക്ക് എയര്‍ലൈന്‍സ് എന്നീ രണ്ടു കമ്പനികളിലായി ജോലി ചെയ്തിരുന്ന 2,100 ഓളം ജീവനക്കാരും വഴിയാധാരമായി. ഏറെ നാളായി സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് വലയുകയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പ്രവര്‍ത്തനം നിര്‍ത്തി വക്കുന്ന കാര്യം കമ്പനി രഹസ്യമാക്കി വച്ചതിനാല്‍ മിക്കവര്‍ക്കും വാര്‍ത്ത കനത്ത ആഘാതമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.