
സ്വന്തം ലേഖകൻ: 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ (ആർബിഐ) തീരുമാനിച്ചതോടെ യുഎഇ അടക്കമുള്ള ഗൾഫിലുള്ള ഇന്ത്യൻ പ്രവാസികളും വിനോദ സഞ്ചാരികളും പ്രതിസന്ധിയിലായി. തങ്ങളുടെ കൈവശമുള്ള രണ്ടായിരത്തിന്റെ നോട്ട് മണി എക്സ്ചേഞ്ചുകൾ (ധനവിനിമയ കേന്ദ്രങ്ങൾ) സ്വീകരിക്കാത്തതാണ് അവരെ കുടുക്കിയത്.
രണ്ടായിരത്തിന്റെ നോട്ടുകൾ സ്വീകരിച്ചാൽ അതു വിറ്റഴിക്കാൻ സാധിക്കാതെ തങ്ങളും കുഴയുമെന്നും ഇതു കാരണമാണ് സ്വീകരിക്കുന്നത് നിർത്തിയതെന്നും ദുബായിലെ മണി എക്സ്ചേഞ്ച് അധികൃതരുടെ നിലപാട്.
സന്ദർശനത്തിനും വിനോദ സഞ്ചാരത്തിനുമെത്തിയ ഇന്ത്യക്കാര്‍ തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ മാറ്റി ദിർഹം വാങ്ങിക്കാനായി മണി എക്സ്ചേഞ്ചുകളെ സമീപിച്ചപ്പോൾ അവ ഇന്ത്യയിൽ കൊണ്ടുപോയി അവരുടെ അക്കൗണ്ടുള്ള ബാങ്കുകളിൽ നിക്ഷേപിക്കാൻ നിർദേശിക്കുകയാണുണ്ടായത്. ഇതോടെ പലരും യുഎഇയിൽ ചെലവഴിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിലുമായി.
അതേസമയം, തങ്ങളുടെ കൈവശമുള്ള 2000ത്തിന്റെ നോട്ടുകൾ ഇടപാടുകാരാരും വാങ്ങിക്കാൻ തയാറാകുന്നില്ലെന്ന് മണി എക്സ്ചേഞ്ചുകാരും പറഞ്ഞു. പല എക്സ്ചേഞ്ചുകളിലും വൻ തോതിൽ രണ്ടായിരത്തിന്റെ നോട്ടുകളുണ്ട്. അവ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ മണി എക്സ്ചേഞ്ച് അധികൃതരും വിഷമഘട്ടത്തിലാണ്.
ആർബിെഎ നോട്ട് പിൻവലിക്കാൻ തീരുമാനിച്ചയുടൻ തന്നെ യുഎഇയിലെ എക്സ്ചേഞ്ചുകൾ അവ സ്വീകരിക്കാൻ വിമുഖത കാട്ടിയിരുന്നു. യുഎഇയിൽ അൻപതിലേറെ മണി എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കെല്ലാമായി ആയിരത്തിലേറെ ശാഖകളുമുണ്ട്.
000 രൂപ നോട്ടുകൾ നിരോധിച്ച് റിസർവ് ബാങ്ക് ഉത്തരവിറക്കിയതോടെ ഇവ കൈയിലുള്ള പ്രവാസികൾ നാട്ടിൽ പോയി മാറ്റി എടുക്കേണ്ടി വരും. സെപ്റ്റംബർ 30ന് മുമ്പ് നാട്ടിൽ പോവാൻ കഴിയാത്തവർ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വശം നാട്ടിൽ കൊടുത്തയക്കേണ്ടി വരും. പല വിനിമയ സ്ഥാപനങ്ങളിലും 2000ത്തിന്റെ ഇന്ത്യൻ നോട്ടുകൾ സ്റ്റോക്കില്ലെന്നാണ് അറിയുന്നത്. 2000 നോട്ടുകളുടെ അച്ചടി നിർത്തിവെച്ചതായി വാർത്തകൾ വന്നതു മുതൽ തന്നെ 2000 നോട്ടുകൾ വാങ്ങുന്നത് വിനിമയ സ്ഥാപനങ്ങൾ ഒഴിവാക്കിയിരുന്നു.
ഇതു കാരണം വിനിമയ സ്ഥാപനങ്ങൾക്ക് വലിയ പരിക്കേൽക്കില്ല. കഴിഞ്ഞ നോട്ട് നിരോധന കാലത്ത് പല വിനിമയസ്ഥാപനങ്ങളിലും വലിയ സ്റ്റോക്ക് ഉണ്ടായിരുന്നു. ഇവ മാറിയെടുക്കാൻ കഴിയാത്തതിനാൽ പല സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 2000രൂപ നോട്ടുകൾ സാധാരണ പ്രവാസികളുടെ കൈയിൽ വൻ തോതിൽ ഉണ്ടാവാറില്ല. നാട്ടിൽനിന്ന് വരുമ്പോഴുള്ള യാത്ര ചെലവിനും മറ്റ് കരുതി വെച്ചതിന്റെ ബാക്കിയുള്ളവയായിരിക്കും ഇത്.
കുടുംബമായി കഴിയുന്നവരിലാണ് 2000ന്‍റെ ഏതാനും നോട്ടുകൾ ഉണ്ടാവുക. അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോവാനും അടിയന്തര ഘട്ടത്തിൽ നാട്ടിലേക്കുള്ള ടാക്സി ചെലവിനും മറ്റും നോട്ടുകൾ കരുതിവെച്ച അപൂർവം ചിലരുമുണ്ട്. ബാങ്കുകളോ വിനിമയ സ്ഥാപനങ്ങളോ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ല.
ഇന്ത്യയിൽ ചികിത്സക്കും മറ്റും പോയ ഗൾഫ് സ്വദേശികളുടെയും മറ്റും കൈയിൽ ബാക്കി വരുന്ന 2000 രൂപ നോട്ടുകളും മാറാൻ കഴിയാത്തത് പ്രയാസം സൃഷ്ടിക്കും. സെപ്റ്റംബർവരെ സമയ പരിധിയുള്ളതിനാൽ വേനൽ അവധിക്ക് നാട്ടിൽ പോവുന്നവർക്ക് പണം മാറി എടുക്കാൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല