
സ്വന്തം ലേഖകൻ: യുഎസിലെ മോന്ററേ പാര്‍ക്കില്‍ പത്തുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചതായി പോലീസിന്റെ സ്ഥിരീകരണം. 72-കാരനായ ഹു കാന്‍ ട്രാന്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയ ശേഷം വാനിനുള്ളില്‍ സ്വയം നിറയൊഴിച്ച് മരിച്ചത്.
പോലീസ് സംഘം ഇയാളുടെ വാഹനത്തിന് നേരേ അടുത്തതോടെ വാഹനത്തിനുള്ളില്‍നിന്ന് വെടിയൊച്ച കേട്ടെന്നും പിന്നാലെ വാഹനം പരിശോധിച്ചപ്പോള്‍ വെടിയേറ്റ് മരിച്ചുകിടക്കുന്ന നിലയിലാണ് അക്രമിയെ കണ്ടെത്തിയതെന്നും ലോസ് ആഞ്ജലിസ് കൗണ്ടി ഷെറീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു. പത്തുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ശനിയാഴ്ച രാത്രി ചൈനീസ് പുതുവത്സരാഘോഷങ്ങള്‍ക്കിടെയാണ് മോന്ററേ പാര്‍ക്കില്‍ വെടിവെപ്പ് നടന്നത്. ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഷ്യക്കാര്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന പ്രദേശമാണ് മോന്ററേ പാര്‍ക്ക്. അതേസമയം, വെടിവെപ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം തുടരുകയാണെന്നും ലോസ് ആഞ്ജലിസ് കൗണ്ടി ഷെറീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു.
ഏതെങ്കിലും പ്രത്യേകവിഭാഗത്തെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നതെന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. വെടിവെപ്പിനെ തുടര്‍ന്ന് മോന്ററേ പാര്‍ക്കിലെ ചൈനീസ് ചാന്ദ്ര പുതുവത്സരാഘോഷ പരിപാടികള്‍ റദ്ദാക്കി. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല