
സ്വന്തം ലേഖകൻ: വായ്പാത്തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചകാലത്തെ പലിശ മഴുവനായി എഴുതിത്തള്ളണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാല്‍ ഇക്കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. മൊറട്ടോറിയം നീട്ടണം, വിവിധ മേഖലകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും കോടതി തള്ളി. സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ബാധിക്കും.നയപരമായ കാര്യങ്ങളില്‍ കോടതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പലിശ ഒഴിവാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബാങ്കുകള്‍ക്ക് നിക്ഷേപകരും പലിശ നല്‍കേണ്ടതാണ്. പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. പക്ഷേ മൊറട്ടോറിയം കാലയളവില്‍ പിഴപ്പലിശ ഈടാക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ആരില്‍ നിന്നെങ്കിലും പിഴപ്പലിശ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരികെ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
രണ്ടുകോടി രൂപവരെയുള്ള വായ്പകളുടെ തിരിച്ചടവുകള്‍ക്ക് മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. മൊറട്ടോറിയം പ്രഖ്യാപിച്ച ആറുമാസത്തെ കൂട്ടുപലിശ സര്‍ക്കാര്‍ വഹിക്കുകയാണു ചെയ്തത്. വായ്പയെടുത്തവരുടെയെല്ലാം കൂട്ടുപലിശ എഴുതിത്തള്ളാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ സർക്കാരിനുണ്ടാകുന്ന അധിക ബാധ്യത 7000-7500 കോടി രൂപയാണ്.
കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ച് മുതൽ ഓഗസ്റ്റുവരെയുള്ള ആറുമാസമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഇതുപ്രകാരം എല്ലാവായ്പക്കാർക്കുമായി കൂട്ടുപലിശയിനത്തിലുള്ള ബാധ്യത 13,500-14,000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്ന വായ്പ പരിധി രണ്ടുകോടിയിൽ നിർത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല