സ്വന്തം ലേഖകൻ: ആഞ്ഞടിച്ച ബെര്‍ട്ട് കൊടുങ്കാറ്റിനു ശേഷമുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് മതിയായ മുന്നറിയിപ്പ് നല്‍കുന്നതില്‍ പരാജയപ്പെട്ട കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് നേരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നു. രാജ്യത്താകെ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയും മഞ്ഞുവീഴ്ചയും വെള്ളപ്പൊക്കത്തിന് കാരണമായപ്പോള്‍ നോര്‍ത്താംപ്ടണ്‍സയറിലെ കാരവാന്‍ പാര്‍ക്കില്‍ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് നീക്കേണ്ടിവന്നത്.
തെക്കന്‍ വെയ്ല്‍സിലെ താഴ്വാര പ്രദേശങ്ങളെയയിരുന്നു ഈ കടുത്ത കാലാവസ്ഥ ഏറ്റവും മോശമായ രീതിയില്‍ ബാധിച്ചത്. ഒരു മാസത്തെ മഴയായിരുന്നു ഇവിടെ ശനിയാഴ്ചയും ഞായറാഴ്ചയുമായി പെയ്തിറങ്ങിയത്. ആയിരക്കണക്കിന് വീടുകളെയും വ്യാപാരസ്ഥാപനങ്ങളെയുമാണ് അത് പ്രതികൂലമായി ബാധിച്ചത്. കൂടുതല്‍ ഗൗരവകരമായ ആംബര്‍, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കാതെ എന്തുകൊണ്ട് താരതമ്യേന ഗൗരവം കുറഞ്ഞ് മഞ്ഞ മുന്നറിയിപ്പ് മാത്രം നല്‍കി എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.
ആളുകളെ അടിയന്തിരമായി ഒഴിപ്പേക്കേണ്ടി വന്നതുകൊണ്ട് പലര്‍ക്കും ആവശ്യത്തിനുള്ള സാധനങ്ങള്‍ കൈകളില്‍ കരുതാന്‍ ആകാതെ പോയി. കൂടുതല്‍ ഗൗരവമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇരുന്നൂറിലധികം വീടുകളില്‍ വെള്ളം കയറിയ റോണ്ഡാ സൗനോണിലെ കൗണ്‍സില്‍ നേതാവായ ആന്‍ഡ്രൂ മോര്‍ഗന്‍ പറയുന്നത് ഇത്രയും വലിയ നാശനഷ്ടമുണ്ടായിടത്തുപോലും മഞ്ഞ മുന്നറിയിപ്പ് മാത്രമാണ് നല്‍കിയിരുന്നത് എന്നായിരുന്നു. അതില്‍ അദ്ദേഹം ആശ്ചര്യംകൂറുകയാണ്.
ഈ ഭാഗത്ത് ഏറ്റവും അവസാനം വെള്ളപ്പൊക്കമുണ്ടായത് 2020 ഫെബ്രുവരിയില്‍ ഡെന്നിസ് കൊടുങ്കാറ്റ് താണ്ഡവമാടിയ സമയത്താണ്. അന്ന് ഇവിടെ നിലനിന്നിരുന്നത് ആംബര്‍ മുന്നറിയിപ്പായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇത്രയം അപകടം പിടിച്ച കാലാവസ്ഥയായിരുന്നു എന്നറിഞ്ഞിട്ടും മഞ്ഞ മുന്നറിയിപ്പില്‍ ഒതുക്കിയത് എന്തുകൊണ്ടാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടെ തടസപ്പെട്ടിട്ടുണ്ട്. നിരവധി വീടുകളിലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റ്, പേമാരി മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കിയിരുന്നെങ്കിലും വന്‍നാശമാണ് വിതച്ചത്. ബ്രിട്ടനില്‍ എല്ലായിടത്തും വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കോണ്‍വി നദിയില്‍ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച്ച കണ്ടെത്തി. ലണ്ടനിലെ റോയല്‍ പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. സൗത്ത് വെയില്‍സിലെ ടഫ് നദി കര കവിഞ്ഞൊഴുകി. തീരത്തുള്ള വീടുകളിലും വെള്ളം കയറി. ഷെഫീല്‍ഡില്‍ നിന്ന് ലണ്ടനിലേക്കുള്ള തീവണ്ടി അഞ്ച് മണിക്കൂര്‍ വൈകി. തുടര്‍ന്ന് ട്രെയ്ന്‍ സര്‍വീസും റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല