1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 25, 2024

സ്വന്തം ലേഖകൻ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ സംഗീത വേദിയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ക്കെതിരെ തീവ്രവാദക്കുറ്റം ചുമത്തി കോടതി. ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കാളികളായ ദലേര്‍ജോണ്‍ മിര്‍സോയേവ്, സയ്ദാക്രമി മുരോഡളി റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി, മുഹമ്മദ്‌സൊബിര്‍ ഫയ്‌സോവ് എന്നിവര്‍ക്കെതിരെയാണ് മോസ്‌കോയിലെ ബസ്മന്നി ജില്ലാ കോടതി തീവ്രവാദക്കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികളെ മെയ് 22 വരെ മുന്‍കൂര്‍ വിചാരണ തടങ്കലില്‍ പാര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.

മിര്‍സോയേവ്, റചാബലിസോഡ, ഷംസിദ്ദീന്‍ ഫരിദുനി എന്നിവര്‍ കുറ്റസമ്മതം നടത്തി. ഫൈസോവിനെ ആശുപത്രിയില്‍ നിന്നും വീല്‍ചെയറിലാണ് കോടതിയില്‍ കൊണ്ടുവന്നത്. വിചാരണ വേളയില്‍ അയാള്‍ കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്നുപേരുടേയും മുഖത്ത് മര്‍ദനമേറ്റ പാടുകളുമുണ്ട്. കൂടാതെ ഒരാള്‍ക്ക് ഇലക്ട്രിക് ഷോക്ക് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

നാല് പ്രതികളും തജികിസ്താന്‍ സ്വദേശികളാണെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ആക്രമണം നടന്ന് 14 മണിക്കൂറിനുള്ളില്‍ തന്നെ ബ്രയാന്‍സ്‌ക് മേഖലയില്‍ നിന്നും പ്രതികളെ പിടിച്ചതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) അറിയിച്ചു.

അക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് റഷ്യ ആരോപിച്ചിരുന്നെങ്കിലും തങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പറഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹാളിനുള്ളില്‍ അക്രമികള്‍ വെടിവെക്കുന്നതിന്റെ വീഡിയോ ഐഎസ് പുറത്ത് വിടുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച രാത്രി കൊക്കസ് സിറ്റി ഹാളില്‍ പ്രമുഖ സംഗീത ബാന്‍ഡ് പിക്നിക്കിന്റെ സംഗീത നിശ തുടങ്ങാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് പിന്നാലെ ഹാളിനുള്ളില്‍ സ്‌ഫോടനമുണ്ടാകുകയും കെട്ടിടത്തില്‍ വന്‍ തീപിടുത്തമുണ്ടാകുകയുമായിരുന്നു. ഭീകരാക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയുമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.