1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2024

സ്വന്തം ലേഖകൻ: ഷ്യന്‍ തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. സംഭവവുമായി ബന്ധപ്പെട്ട് പതിനൊന്നുപേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതില്‍ നാലുപേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.

ആക്രമണം നടത്തിയവര്‍ക്ക് യുക്രെയ്‌നുമായി ബന്ധമുണ്ടെന്നാണ് റഷ്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആരോപിക്കുന്നത്. ഭീകരാക്രമണം നടത്തിയതിനുശേഷം അതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിയ ഭീകരരെ കാറില്‍ പിന്‍തുടര്‍ന്നാണ് പിടികൂടിയത് എന്നാണ് വിവരം. റഷ്യ – യുക്രൈന്‍ അതിര്‍ത്തി കടക്കാനായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും റഷ്യ പറയുന്നു.

റഷ്യയെ ഞെട്ടിച്ച് തലസ്ഥാന നഗരമായ മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയാണ് ഭീകരാക്രമണം നടന്നത്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

സൈനികരുടേതിന് സമാനമായ വസ്ത്രം ധരിച്ചാണ് അക്രമികള്‍ എത്തിയത്. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരംപേരോളം വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.

ഭീകരാക്രമണത്തെത്തുടര്‍ന്ന് ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മോസ്‌കോയിലുണ്ടായ ഏറ്റവും മാരകമായ ആക്രമണമായിരുന്നു വെള്ളിയാഴ്ചത്തേത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.