1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2020

സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികൾക്കു പ്രവാചകന്മാർ, ചരിത്ര പുരുഷന്മാർ തുടങ്ങിയവരുടെ പേരുകൾ നൽകാനാണ് രക്ഷിതാക്കൾ ഇഷ്ടപ്പെടുന്നതെന്ന് ഫെഡറൽ കോംപറ്റിറ്റീവനസ്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ റിപ്പോർട്ട്. പ്രവാചകന്മാർ, ചരിത്രത്തിലെയും വേദഗ്രന്ഥങ്ങളിലെയും മഹതികൾ, പുണ്യപുരുഷന്മാർ, ഖലീഫമാർ, രാഷ്ട്രശിൽപി തുടങ്ങിയവരുടെ പേരുകളും അർഥഗർഭമായ പദങ്ങളുമാണ് കുട്ടികൾക്ക് പേരിടാനായി രക്ഷിതാക്കൾ തിരഞ്ഞെടുക്കുന്നത്.

ആൺകുട്ടികൾക്ക് മാതാപിതാക്കൾ നൽകുന്ന പേരുകളിൽ മുന്നിൽ മുഹമ്മദാണ്. യുഎഇ രാഷ്ട്രപിതാവ് സായിദിന്റെ പേരിനോട് പ്രിയമുള്ളവരും ഏറെയാണ്. ‘മുഹമ്മദ്’, ‘സായിദ് ‘, ‘മറിയം’ തുടങ്ങിയ പേരുകളെ പ്രണയിക്കുന്നവരിൽ സ്വദേശികളും അല്ലാത്തവരുമുണ്ടെന്നതു ശ്രദ്ധേയമാണ്.

അബ്ദുല്ല, റാഷിദ്, അഹ്മദ്, സൈഫ്, അലി, ഹമദ്, സുൽത്താൻ, സഈദ് എന്നിങ്ങനെയാണ് തദ്ദേശീയരായ ആൺകുട്ടികൾക്കിടുന്ന മറ്റ്പേരുകൾ. പെൺ കുഞ്ഞാണെങ്കിൽ വ്യാപകമായി നാമകരണം ചെയ്യപ്പെടുന്നത് മറിയം എന്നാണ്. ഫാത്വിമ, ഷെയ്ഖ, സലാമ, മഹ്റ, ശമ്മ, മീര, ആയിശ, ഹസ്സ, ഹിന്ദ് തുടങ്ങിയ പേരുകൾ മക്കൾക്ക് നൽകാനാണ് സ്വദേശി ദമ്പതികൾക്ക് കൂടുതൽ താൽപര്യം.

സ്വദേശികൾക്ക് പ്രതിവർഷം പിറയ്ക്കുന്ന ആൺമക്കളിൽ 10.1 ശതമാനവും മുഹമ്മദ് എന്നു പേരിടാൻ താൽപര്യപ്പെടുന്നവരാണ്. ഒരു വർഷം 1703 തവണയാണ് ജനന റജിസ്റ്ററിൽ മുഹമ്മദ് എന്ന് രേഖപ്പെടുത്തിയത്. സായിദ് എന്ന പേര് 8.1 ശതമാനം നവജാത ശിശുക്കൾക്കുണ്ട്. 1362 കുഞ്ഞുങ്ങൾ ഈ പേര് പങ്കുവച്ചവരാണ്. 5.6 ശതമാനമെത്തിയ അബ്ദുല്ല 946 തവണ ആവർത്തിച്ചിട്ടുണ്ട്.

സ്വദേശികളല്ലാത്ത അറബ് സമൂഹത്തിന്റെ പേരുകളിലും മുഹമ്മദ് എന്ന പേരാണ് മുന്നിട്ട് നിൽക്കുന്നത്. സമാന ആശയമുള്ള അഹ്മദ് എന്നു കുട്ടികൾക്കിടുന്നവരും തൊട്ടടുത്തുണ്ട്. ഉമർ, ആദം, യൂസുഫ്, അബ്ദുല്ല, സായിദ്, അലി, റയാൻ, സൈഫ് എന്നിങ്ങനെയാണ് പേരിന്റെ പട്ടികയിൽ തുടർന്നു വരുന്നത്.

പെൺമക്കളിൽ മറിയം (മേരി) തന്നെയാണ് പ്രിയമുള്ള പ്രധാന നാമം. ഫാത്തിമ, സാറ, ആയിഷ, മാരിയ, മീര, അലിയാ, റീം, നൂർ, ഹയാ എന്നിവയാണ് പെൺപേരുകളിൽ കൂടുതൽ പ്രചാരം. ജനന നിരക്കിലെ സ്ത്രീ-പുരുഷ അനുപാതത്തിലും യുഎഇയിൽ സന്തുലിതത്വമുണ്ട്. യുഎഇയിലെ ഒരു സ്വദേശി വനിതയുടെ ശരാശരി പ്രസവതോത് 3.6 കുഞ്ഞുങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.