1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2017

സ്വന്തം ലേഖകന്‍: ബോംബു നിര്‍മ്മാണം നിര്‍ത്തി അക്ഷരം പഠിപ്പിക്കാന്‍ ഇറാക്കിലെ സ്‌കൂളുകള്‍, മൊസുള്‍ നഗരത്തിലെ സ്‌കൂളുകള്‍ തുറക്കുന്നതും കാത്ത് കുരുന്നുകള്‍. ഇസ്ലാമിക നിയമത്തിന് കീഴില്‍ അടിച്ചേല്‍പ്പിച്ചിരുന്ന ബോംബു നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിധ്വംസക പാഠങ്ങളില്‍നിന്നും രക്ഷപ്പെട്ട സന്തോഷത്തിലാണ് ഇറാക്കിലെ മൊസൂള്‍. ഇസ്ലാമിക് സ്റ്റേറ്റ് രസതന്ത്രം എന്ന പേരില്‍ ബോംബു നിര്‍മ്മാണം പഠിപ്പിച്ചിരുന്ന മൊസൂളിലെ സ്‌കൂളുകള്‍ നഗരം മോചിപ്പിക്കപ്പെട്ടതോടെ രണ്ടാം ജന്മത്തിന് ഒരുങ്ങുകയാണ്.

ഇസ്‌ളാമിക് സ്‌റ്റേറ്റ് ഭരിച്ചിരുന്ന കാലത്ത് സ്‌കൂളിലേക്ക് വിടാന്‍ ഭയന്ന് ട്ടില്‍ മാതപിതാക്കള്‍ പിടിച്ചുവെച്ചിരുന്ന 40,000 വിദ്യാര്‍ത്ഥികളാണ് പഠനം പുനരാരംഭിക്കാന്‍ സ്‌കൂളുകളിലേക്ക് മടങ്ങിയെത്തുന്നത്. മൊസൂളില്‍ ഐഎസ് ക്രൂരതയുടെ പാഠങ്ങള്‍ പഠിപ്പിച്ചിരുന്ന 70 സ്‌കൂളുകളാണ് വരുന്ന ആഴ്ചകളില്‍ തുറക്കുക. കെട്ടിടങ്ങളില്‍ ഇനിയും പൊട്ടാത്ത ബോംബുകള്‍ ഉണ്ടോ എന്ന പരിശോധനയ്ക്ക് ശേഷമേ വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കൂ.

ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ നഗരങ്ങളില്‍ ഒന്നായ മൊസൂളിലെ കിഴക്കന്‍ ഭാഗങ്ങളില്‍ നിന്നും തീവ്രവാദികളെ അമേരിക്ക പിന്തുണയ്ക്കുന്ന ഇറാഖിസേന പടിഞ്ഞാറു ഭാഗത്തേക്ക് തുരത്തിയതോടെയാണ് കുരുന്നുകള്‍ക്ക് വീണ്ടും അക്ഷരലോകത്തേക്ക് പ്രവേശനം ലഭിക്കുന്നത്.

ബോംബ് നിര്‍മ്മാണത്തിനുള്ള രസതന്ത്ര പാഠങ്ങളും തോക്ക് പിടിച്ചുകൊണ്ടുള്ള എണ്ണലുമായിരുന്നു കുട്ടികള്‍ക്ക് ഐഎസ് നല്‍കിയിറ്റുന്നത്. ആറു വയസ്സുകാരനായ തന്റെ മകന്‍ തോക്ക് തൊട്ടെണ്ണിയാണ് എണ്ണാന്‍ പഠിച്ചതെന്നും ചാവേര്‍ സ്‌ഫോടനം എങ്ങിനെ നടത്തണമെന്ന പരിശീലനവും കിട്ടിയതായി 41 കാരന്‍ റിസ്വാന്‍ പറയുന്നു. മകന് വിലപ്പെട്ട രണ്ടു വര്‍ഷമാണ് നഷ്ടമായതെന്നും മൂന്നാം ക്‌ളാസ്സില്‍ ഇരിക്കേണ്ട അവന്‍ വീണ്ടും ഒന്നാം ക്ലാസില്‍ നിന്ന് തുടങ്ങണമെന്നും റിസ്വാന്‍ നിരാശപ്പെടുന്നു.

ഇറാകിലെ വടക്കന്‍ നഗരങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. കടകളും ചന്തയും വീണ്ടും തുറക്കുകയും സിഗററ്റ് പോലുള്ള ഇസ്ലാമിക് നിയമത്തിനു കീഴില്‍ വിലക്കപ്പെട്ട ഉത്പന്നങ്ങള്‍ പരസ്യമായി വില്‍ക്കാനും ആരംഭിച്ചിട്ടുണ്ട്. എങ്കിലും മിക്കവാറും എല്ലായിടത്തും യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ കുന്നുകൂടി കിടപ്പാണ്. മാത്രമല്ല, കിലോമീറ്റര്‍ മാത്രം അകലെ യുദ്ധം തുടരുകയും ചെയ്യുന്നു.

അതേസമയം ഇസ്‌ളാമിക് സ്‌റ്റേറ്റിന് കീഴില്‍ അനേകം ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരിക ഏറെ ദുഷ്‌ക്കരമായിരിക്കുമെന്ന് കരുതപ്പെടുന്നു. ഐഎസിനെ പൂര്‍ണ്ണമായും മറന്ന് കുട്ടികളെ മാനസീകമായി സ്വതന്ത്രരാക്കാന്‍ അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും കൂടുതല്‍ അദ്ധ്വാനം വേണ്ടി വരുമെന്ന് സ്‌കൂളുകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.