സ്വന്തം ലേഖകന്‍: മദര്‍ തേരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കും, ചടങ്ങ് വത്തിക്കാനില്‍ വച്ച്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ ഉള്‍പ്പെടെ അഞ്ചു പേരെയാണ് സെപ്റ്റംബര്‍ നാലിന് വിശുദ്ധരായി പ്രഖ്യാപിക്കുക.
ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 15 ന് വത്തിക്കാന്‍ പുറപ്പെടുവിക്കും. 15 ന് വത്തിക്കാന്‍ സമയം രാവിലെ 10 നാണ് തീയതി പ്രഖ്യാപനത്തിനായുള്ള കര്‍ദിനാള്‍ തിരുസംഘം യോഗം ചേരുക. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അദ്ഭുത പ്രവൃത്തി ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തേ അംഗീകരിച്ചിരുന്നു.
തലച്ചോറിന് ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥ്യത്തില്‍ ഭേദമായതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
1997 ല്‍ 87 ആം വയസ്സിലാണ് മദര്‍ തെരേസ അന്തരിച്ചത്. 2003 ല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല