1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 9, 2019

സ്വന്തം ലേഖകന്‍: മത്സ്യങ്ങളെ സമുദ്രത്തില്‍ നീന്താന്‍ വിടണം; അല്ലാതെ മരം കയറാന്‍ പഠിപ്പിക്കരുത്; വൈറലായി ഒരമ്മയുടെ കുറിപ്പ്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ മകന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് ഡല്‍ഹി സ്വദേശിനി വന്ദന സൂഫിയ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. മകന്‍ ആമിര്‍ നേടിയത് 90 അല്ല 60 ശതമാനം മാര്‍ക്കാണെന്നും എന്നാല്‍ അവന്റെ നേട്ടത്തില്‍ ഏറെ അഭിമാനിക്കുന്നതായും വന്ദന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആമിര്‍ ചില വിഷയങ്ങളില്‍ ഏറെ കഷ്ടപ്പെട്ടിരുന്നെന്നും അവസാനത്തെ ഒന്നര മാസത്തിനിടെ നടത്തിയ കഠിന പരിശ്രമത്തിലൂടെയാണ് അവയില്‍ ജയിക്കാനായതെന്നും വന്ദന പറയുന്നു. ആമിറിനും അവനെപ്പോലുള്ള മറ്റ് കുട്ടികളേയുംകൂടി പരീക്ഷയിലെ നേട്ടത്തിന് അഭിനന്ദിക്കണമെന്ന് ഈ അമ്മ പറയുന്നു.

എ പ്ലസിന്റെ എണ്ണം കുറയുന്നതിന് കുട്ടികളെ ശകാരിക്കുന്ന രക്ഷിതാക്കള്‍ മാത്രമല്ല, കുട്ടികളുടെ താത്പര്യം കണ്ടറിഞ്ഞ് ചെയ്യുന്നവരും ഉണ്ടെന്ന് പോസ്റ്റില്‍നിന്ന് വ്യക്തം. കുറിപ്പ് സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തുവെന്ന് മാത്രമല്ല, അഭിനന്ദന പ്രവാഹവുമായി നൂറുകണക്കിന് പേരാണ് വന്ദനയുടെ പോസ്റ്റിന് കീഴെ എത്തിയത്. രണ്ടുദിവസത്തിനിടെ 7000ലേറെ പേര്‍ പോസ്റ്റിന് പ്രതികരണവുമായി വന്നിട്ടുണ്ട്. 4500ലേറെപ്പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.

ഓരോരുത്തര്‍ക്കും അവരുടേതായ കഴിവുണ്ടെന്നും അത് മനസിലാക്കി അവര്‍ക്കുള്ള വഴി തുറന്നുകൊടുക്കുകയുമാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. മത്സ്യങ്ങളെ വലിയ സമുദ്രത്തില്‍ നീന്താന്‍ അനുവദിക്കുന്നതിന് പകരം മരം കയറാന്‍ പഠിപ്പിക്കുന്നത് അബദ്ധമാണെന്ന് വന്ദന ഓര്‍മിപ്പിക്കുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.