1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 31, 2021

സ്വന്തം ലേഖകൻ: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ രണ്ടാം വരവ് ആഫ്രിക്കയിലെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് പ്രതിനിധി ജോൺ ഗോഡ്‌ഫ്രെ. മാർച്ച് 24 മുതൽ ആഫ്രിക്കയിലെ മൊസാംബിക്കിലുണ്ടായ അനിഷ്ട സംഭവങ്ങളാണ് ഇതിന് അദ്ദേഹം ഉദാഹരണമായി എടുത്തു പറയുന്നത്. 2014 ല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ പിടിച്ചെടുത്ത അതേ രീതിയിലാണ് ഐഎസ് ഇപ്പോൾ മൊസാംബിക്കിലെ പാൽമ നഗരത്തിലേക്കും കടന്നു കയറിയിരിക്കുന്നതെന്ന് ആക്രമണ രീതിയിലെ സാമ്യം ചൂണ്ടിക്കാട്ടി ഗോഡ്ഫ്രെ പറയുന്നു.

“മനുഷ്യജീവനുകൾക്കു യാതൊരു വിലയും കൽപിക്കാതെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും കരുത്താർജിക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് മൊസാംബിക്കിൽ കണ്ടത്,“ ഗോഡ്‌ഫ്രെ വ്യക്തമാക്കി. തന്റെ വാദത്തിനു ശക്തി പകരാൻ നാലു കാര്യങ്ങളാണ് പ്രധാനമായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്:

കണ്ണിൽച്ചോരയില്ലാത്ത വിധമെന്ന് ആരും പറഞ്ഞുപോകുന്ന തരത്തിലാണ് പാൽമ നഗരത്തിലെ ആക്രമണം, സാധാരണക്കാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കൊന്നൊടുക്കുന്നു, ആരെയും കൂസാതെയുള്ള ഭീകരരുടെ പ്രവർത്തനത്തിനു മുൻപില്ലാത്ത വിധം ‘വീര്യം’ കൂടിയിരിക്കുന്നു, പ്രദേശവാസികളുടെ ജീവനോ സുരക്ഷയോ വകവയ്ക്കാതെ ക്രൂരമായ ആക്രമണം തുടരുന്നു എന്നിവയാണവ.

ഇന്ത്യൻ മഹാസമുദ്ര തീരത്തോടു ചേർന്നു കിടക്കുന്ന, തെക്കന്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ 2017 മുതലാണ് ഐഎസിനു സമാനമായ അൽ–ഷബാബ് ഭീകരർ പ്രവർത്തനം ആരംഭിക്കുന്നത്. സൊമാലിയയിലെ ജിഹാദി ഭീകരരാണ് അൽ–ഷബാബ് എന്നറിയപ്പെടുന്നത്. 2017 മുതൽ അൽ–ഷബാബ് മൊസാംബിക്കിൽ പലയിടത്തും ആക്രമണം നടത്തുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ വർഷമാണ് മാരകവും ക്രൂരവുമായ രീതിയിലേക്ക് കടന്നത്.

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് കഴിഞ്ഞ 3 വർഷത്തിൽ 2600 ലേറെ പേരെയാണ് രാജ്യത്തു ഭീകരർ കൊലപ്പെടുത്തിയത്. 6.7 ലക്ഷത്തോളം പേർക്ക് പലായനം ചെയ്യേണ്ടി വന്നു. രാജ്യത്തെ വടക്കൻ മേഖലയായ കാബോ ഡെൽഗാഡോ പ്രവിശ്യയായിരുന്നു വിധ്വംസക പ്രവർത്തനങ്ങളുടെ കേന്ദ്രം. കാബോ ഡെൽഗാഡോയിലെ പ്രധാന നഗരങ്ങളിലൊന്നായ പാൽമയാണ് ഇത്തവണ ഐഎസ് ഭീകരർ ലക്ഷ്യം വച്ചത്. കോടിക്കണക്കിനു രൂപയുടെ പ്രകൃതിവാതക ഖനനം നടക്കുന്ന പ്രദേശം കൂടിയാണിത്.

ഐഎസിന്റെ വാർത്താ ഏജന്‍സിയായ അമഖ് ഒരിടവേളയ്ക്കു ശേഷം സജീവമായത് മൊസാംബിക്കിലെ ആക്രമണത്തോടെയാണ്. ‘ഇസ്‌ലാമിക് സ്റ്റേറ്റ് സെൻട്രൽ ആഫ്രിക്ക പ്രൊവിൻസ്’ വിഭാഗമാണ് ആക്രമണം നടത്തിയതെന്നായിരുന്നു അമഖ് പുറത്തുവിട്ട വിവരം. ഇതു പ്രകാരം ഭീകരരുടെ കൈപ്പിടിയിലാണ് പാൽമയിലെ ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും ഫാക്ടറികളുമെല്ലാം. ചില സൈനിക ബാരക്കുകളും പിടിച്ചെടുത്തു. മൊസാംബിക് സൈന്യത്തിൽ ഉൾപ്പെട്ടവരും വിദേശികളും ഉള്‍പ്പെടെ 55 ലേറെ പേരെ കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവയുടെ വിശദാംശങ്ങൾ പുറത്തുവിട്ടതുമില്ല.

ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് പാൽമയിൽ പൊലീസും സൈന്യവും സർക്കാർ ‘വാടകയ്ക്കെടുത്ത’ സ്വകാര്യ സുരക്ഷാ ഏജൻസികളും ചേര്‍ന്നാണ് ഐഎസ് ഭീകരരെ ലക്ഷ്യമിടുന്നത്. വൻ തോതിൽ ആയുധ ശേഷിയുള്ളവരാണ് ഭീകരർ. 70,000 ത്തോളമാണ് നഗരത്തിലെ ജനസംഖ്യ. അതിൽ 43,000 ത്തിലേറെ പേർ പലായനം ചെയ്തുകഴിഞ്ഞു. ദക്ഷിണാഫ്രിക്ക, ബ്രിട്ടൻ, ഫ്രാന്‍സ് എന്നിവിടങ്ങളിൽനിന്നുള്ള ചില ഖനിത്തൊഴിലാളികളും കോൺട്രാക്ടർമാരും പാൽമയിലെ ഹോട്ടലുകളിൽ കുടുങ്ങിയതും തിരിച്ചടിയായി. ഇവരെ ലക്ഷ്യം വച്ചും ഐഎസ് ആക്രമണം നടന്നു. പാൽമ നഗരത്തെ ചുറ്റി വനവും പുൽമേടുകളുമായതിനാൽ പലരും അവിടേക്ക് ഓടി രക്ഷപ്പെട്ടു. ഇവരിൽ പലർക്കും എന്തു സംഭവിച്ചുവെന്നത് ഇപ്പോഴും അവ്യക്തം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല