1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2018

സ്വന്തം ലേഖകന്‍: മധ്യപ്രദേശിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

40 അംഗ മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകുന്നേരം നാലിന് പോളിംഗ് അവസാനിക്കും. ഗുണ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ ജ്യോതിരാദിത്യ സിന്ധ്യെയാണ് കോണ്‍ഗ്രസിന്റെ മുന്നണിപ്പോരാളി. കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിയ്ക്കപ്പെടുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയാണ്. അതുകൊണ്ടുതന്നെ, ഗ്വോളിയോര്‍ രാജകുടുംബാംഗമായ ജ്യോതിരാദിത്യയെ എതിരിടാന്‍ ‘ശിവ്‌രാജ് വേഴ്‌സസ് മഹാരാജ്’ എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം.

മറ്റൊരു പ്രധാനസ്ഥാനാര്‍ഥി യശോധരാ രാജെ സിന്ധ്യയാണ്. ജ്യോതിരാദിത്യ സിന്ധ്യയുടെ പിതൃസഹോദരിയാണ് യശോധരാ. ശിവ്പുരി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എയും, മധ്യപ്രദേശ് മന്ത്രിസഭയിലെ വാണിജ്യമന്ത്രിയുമാണവര്‍. ഏറെ വിവാദമായ വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മധ്യപ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം മെഡിക്കല്‍ പ്രവേശന അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് സീറ്റ് നല്‍കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ആനന്ദ് റായിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്റെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങിയത്. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ് ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ മരുമകന്‍ സഞ്ജയ് സിംഗ് മസാനി എതിര്‍പാളയത്തില്‍, കോണ്‍ഗ്രസിനൊപ്പം മത്സരിയ്ക്കുകയാണ്. വരാസിയോണി മണ്ഡലത്തിലാണ് സഞ്ജയ് സിംഗ് മസാനിയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. ബിജെപിയുടെ സിറ്റിംഗ് എംഎല്‍എ യോഗേന്ദ്ര നിര്‍മലിനെയാണ് ശിവരാജ് സിംഗിന്റെ മരുമകന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എതിരിടുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇത്തവണ ഒരു മുസ്ലീം വനിതയും ഇടംനേടിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 15 വര്‍ഷത്തെ ചരിത്രം തിരുത്തി മുസ്ലീം സ്ഥാനാര്‍ത്ഥിയെ 2013ല്‍ മത്സരിപ്പിച്ച ബിജെപി ഇത്തവണയും ഒരേയൊരു മുസ്ലീം സ്ഥാനാര്‍ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബിജെപി ഒരു മുസ്ലിം സ്ത്രീയ്ക്ക് സീറ്റ് നല്‍കുന്നത്. ഭോപ്പാല്‍ നോര്‍ത്ത് മണ്ഡലത്തില്‍ ഫാത്തിമ റസൂല്‍ സിദ്ദിഖിയാണ് ബിജെപി ടിക്കറ്റില്‍ മത്സരിക്കുക. മുന്‍ ജനതാദള്‍ നേതാവ് റസൂല്‍ അഹ്മദ് സിദ്ദിഖിയുടെ മകളാണ് ഫാത്തിമ റസൂല്‍ സിദ്ദിഖി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആരിഫ് അഖീലിനെയാണ് ബിഡിഎസ് വിദ്യാര്‍ഥിനിയായ ഫാത്തിമ എതിരിടുന്നത്. 

മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗോറിന് പകരം മകള്‍ കൃഷ്ണ ഗോറിനും ബിജെപി സീറ്റ് നല്‍കി. പല നേതാക്കളും മക്കള്‍ക്കായി വലിയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിജയസാധ്യത നോക്കി മാത്രമായിരുന്നു ബിജെപിയുടെ സീറ്റ് നിര്‍ണയമെന്നാണ് വിലയിരുത്തപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട ഭരണവിരുദ്ധവികാരം സംസ്ഥാനത്തുണ്ടെന്ന് ബിജെപി ഭയപ്പെടുന്നു. ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കാറ്റ് കോണ്‍ഗ്രസിന് അനുകൂലമായി വീശുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.