1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2021

സ്വന്തം ലേഖകൻ: മിസീസ്സ് ശ്രീലങ്ക സൗന്ദര്യ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍. മിസിസ്സ് ശ്രീലങ്കയായി തിരഞ്ഞെടുക്കപ്പെട്ട യുവതിയില്‍നിന്നും മിസിസ്സ് വേള്‍ഡ് ജേതാവ് കിരീടം പിടിച്ചുവാങ്ങുകയും ഫസ്റ്റ് റണ്ണറപ്പിനെ വിജയിയായി അണിയിക്കുകയും ചെയ്തതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് കാണികള്‍ സാക്ഷിയായത്.

പുഷ്പിക ഡിസില്‍വ എന്ന യുവതിയെയാണ് ഇത്തവണത്തെ മിസിസ്സ് ശ്രീലങ്കയായി വിധികർത്താക്കൾ തിരഞ്ഞെടുത്തത്. തുടര്‍ന്ന് കിരീടം അണിയിക്കുന്നതിനായി മുന്‍ മിസ്സിസ് ശ്രീലങ്കയും മിസ്സീസ് വേള്‍ഡ് ജേതാവുമായ കരോലിന്‍ ജൂറിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. സദസ്സിന്റെ ഹര്‍ഷാരവത്തിനിടെ കരോലിന്‍ പുതിയ മിസ്സിസ് ശ്രീലങ്കയായ പുഷ്പികയെ കിരീടമണിയിച്ചു. തുടര്‍ന്ന് ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകള്‍ക്കൊപ്പം പുഷ്പിക വിക്ടറി വാക്ക് നടത്തിയതിന് പിന്നാലെയാണ് വേദിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

മത്സരത്തിന്റെ ചട്ടമനുസരിച്ച് വിവാഹമോചിതയായ സ്ത്രീക്ക് മിസ്സിസ് ശ്രീലങ്ക പട്ടം നല്‍കാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ ഫസ്റ്റ് റണ്ണറപ്പായ യുവതിക്ക് കിരീടം നല്‍കുകയാണെന്നും കരോലിന്‍ പ്രഖ്യാപിച്ചു. ഇതിനുശേഷം പുഷ്പികയുടെ തലയില്‍നിന്നും കിരീടം ബലമായി അഴിച്ചെടുത്ത കരോലിന്‍ ഇത് ഫസ്റ്റ് റണ്ണറപ്പായ യുവതിയെ അണിയിച്ചു. ഇത് കണ്ട പുഷ്പിക കരഞ്ഞുകൊണ്ട് വേദി വിടുകയും ചെയ്തു. സദസ്സിലുണ്ടായിരുന്നവര്‍ക്ക് പുറമേ ആയിരക്കണക്കിന് പേരാണ് ഈ സംഭവങ്ങളെല്ലാം തത്സമയം ടി.വി. ചാനലുകളില്‍ കണ്ടത്.

സൗന്ദര്യമത്സരം വിവാദമായതിന് പിന്നാലെ പുഷ്പിക ഡിസില്‍വ ഫെയ്‌സ്ബുക്കിലൂടെ മറുപടിനല്‍കി. താന്‍ വിവാഹമോചിതയല്ലെന്നും അങ്ങനെയാണെങ്കില്‍ തന്റെ വിവാഹമോചന രേഖകള്‍ ഹാജരാക്കാന്‍ വെല്ലുവിളിക്കുകയാണെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കിരീടം ബലമായി പിടിച്ചുവാങ്ങിയപ്പോള്‍ തന്റെ തലയ്ക്ക് പരിക്കേറ്റെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും പുഷ്പിക പറഞ്ഞു.

സംഭവം വന്‍വിവാദമായതോടെ മിസിസ്സ് ശ്രീലങ്ക മത്സരത്തിന്റെ സംഘാടകരും വിശദീകരണവുമായി രംഗത്തെത്തി. പുഷ്പിക ഡിസില്‍വ വിവാഹമോചിതയല്ലെന്നും വിജയിയുടെ കിരീടം അവര്‍ക്ക് തന്നെ തിരികെനല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. കരോലിന്‍ ജൂറിയുടെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്നും സംഭവത്തില്‍ മിസിസ്സ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.