1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2020

സ്വന്തം ലേഖകൻ: “ഞാനീ നിമിഷത്തിന്റെ കവിയാണ്, എന്റെ കഥയ്ക്ക് നിമിഷങ്ങളുടെ ആയുസ്സേയുള്ളു…. എനിക്ക് മുമ്പും ഒരുപാട് കവികള്‍ വന്നുപോയി… ചിലര്‍ കരഞ്ഞുകൊണ്ടു മടങ്ങി… ചിലര്‍ നല്ല പാട്ടുകള്‍പാടി… അവരും ആ നിമിഷങ്ങളുടെ ഭാഗമായിരുന്നു. ഞാനും ഈ നിമിഷത്തിന്റെ ഭാഗം മാത്രം. നാളെ ഞാനും നിങ്ങളെ വിട്ടുപോകും. നല്ലപാട്ടുകള്‍ പാടാന്‍ എന്നേക്കാള്‍ നല്ലവര്‍ നാളെ വരും. എന്നെ ആരെങ്കിലുമൊക്കെ ഓര്‍ക്കുമോ.. ഈ തിരക്കുപിടിച്ച ജീവിതത്തില്‍ എന്നെ എന്തിനോര്‍ക്കണമല്ലേ…,”

കഭി കഭി എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ പാടി അഭിനയിക്കുന്നതാണീ വരികള്‍. സാഹിര്‍ ലുധിയാന്‍വി രചിച്ച് മുകേഷിന്റെ ശബ്ദത്തില്‍ നമ്മള്‍ കേട്ട ഗാനം. ധോനി സ്വന്തം ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍ ആരാധകർക്ക് കണ്ണീരടക്കാനായില്ല. ഇന്ത്യയുടെ നീലനിറമണിഞ്ഞ നാള്‍ മുതൽ, റണ്ണൗട്ട് ആയുള്ള തുടക്കത്തില്‍ നിന്ന് റണ്ണൗട്ട് ആയുള്ള മടക്കത്തില്‍ തീരുന്ന വീഡിയോ! സ്‌ക്രീനില്‍ ധോനിയെ അവതരിപ്പിച്ച സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ഉണ്ടാക്കിയ വിവാദങ്ങള്‍ക്കിടയിലാണ് ‘കഥാനായകന്റെ’ വിരമിക്കലെന്നതും യാദൃച്ഛികം.

എം.എസ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കുമ്പോള്‍ ബാക്കിയാക്കുന്നത് ഒരുപിടി ക്യാപ്റ്റന്‍സി റെക്കോഡുകള്‍ മാത്രമല്ല. തന്റേതായ മുദ്ര പതിപ്പിച്ച ക്രിക്കറ്റ് സ്‌റ്റൈല്‍ കൂടിയാണ്. കളിക്കളത്തിലെ വ്യത്യസ്തമായ പെരുമാറ്റരീതിയും കളിയോടുള്ള സമീപനവും വഴി ക്യാപ്റ്റന്‍ കൂളിന് സ്വന്തമാക്കാനായത് ക്രിക്കറ്റ്‌പ്രേമികളുടെ ഹൃദയം കൂടിയാണ്.

സച്ചിനുശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയേക്കാള്‍ വലിയ ഫാന്‍ബേസ് ധോനിക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നുവേണം കരുതാന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയില്ലെങ്കിലും ഐ.പി.എല്‍ ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകളില്‍ കളിതുടരുമെന്ന ധോനിയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ഐ.സി.സിയുടെ മൂന്ന് പ്രധാന ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കിയ ഒരേയൊരു ക്യാപ്റ്റനാണ് ധോനി. 2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും 2013-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യ നേടുമ്പോള്‍ നായകന്‍ ധോനിയായിരുന്നു. 2011- െലോകകപ്പിനുശേഷം നടന്ന പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന കാഴ്ച പലരും അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്. 2010-ലും 2016-ലും ഇന്ത്യ ഏഷ്യാക്കപ്പ് ചാമ്പ്യന്മാരായതും ധോനിയുടെ നേതൃമികവിലായിരുന്നു.

332 അന്താരാഷ്ട്ര മത്സരങ്ങളിലാണ് ധോനി ഇന്ത്യയെ നയിച്ചത്. 200 ഏകദിനത്തിലും 60 ടെസ്റ്റ് മത്സരങ്ങളിലും 72 ട്വന്റി-20 മത്സരങ്ങളിലും. ഇതില്‍ 178 എണ്ണത്തിലും വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ബാറ്റിങ് ഓഡറില്‍ ഏറെ താഴെയായാണ് ഇറങ്ങുന്നതെങ്കിലും ഇന്ത്യയ്ക്കുവേണ്ടി 10,000 ഏകദിന റണ്‍സ് നേടിയവരുടെ പട്ടികയില്‍ ധോനിയുമുണ്ട്.

ഏകദിനത്തിലെ മികച്ച ഫിനിഷര്‍ കൂടിയായ ധോനി 84 മത്സങ്ങളില്‍ പുറത്താകാതെ നിന്നതിന്റെ റെക്കോഡിനും ഉടമയാണ്. ക്യാപ്റ്റനെന്ന നിലയില്‍ ധോനി നേടിയ 204 സിക്സറുകളുടെ റെക്കോഡ് എളുപ്പത്തില്‍ തകര്‍ക്കപ്പെടാനിടയില്ല. 2006 മുതല്‍ 2015 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളില്‍ ഐ.സി.സി റാങ്കിങില്‍ ആദ്യ 10-ല്‍ ഇടംനേടിയ മറ്റൊരു ബാറ്റ്സ്മാന്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.

ഏകദിന ക്രിക്കറ്റില്‍ വിക്കറ്റിനു പിന്നില്‍ പുറത്താക്കിവരുടെ എണ്ണത്തില്‍ ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചറിന്റെയും ആദം ഗില്‍ക്രിസ്റ്റിനും പിന്നിലാണ് ധോനി. എന്നാല്‍ വിക്കറ്റ് കീപ്പര്‍മാരുടെ കഴിവിനെ അളക്കാവുന്ന സ്റ്റംപിങിന്റെ കാര്യം വരുമ്പോള്‍ കണക്കുകള്‍ മറ്റൊന്നാണ്. 350 ഏകദിന മത്സരങ്ങളില്‍നിന്നായി തന്റെ സ്വതസിദ്ധമായ മിന്നല്‍ സ്റ്റമ്പിങിലൂടെ ധോനി പുറത്താക്കിയത് 123 പേരെയാണ്. ഏകദിനത്തില്‍ 100-നുമേല്‍ ബാറ്റ്സ്മാന്‍മാരെ സ്റ്റമ്പിങിലൂടെ പുറത്താക്കിയ ഏക വിക്കറ്റ് കീപ്പര്‍ ധോനിയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ധോനിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനായിട്ടില്ല. 12 വര്‍ഷമായി ചെന്നൈ സൂപ്പര്‍കിങ്സിന്റെ നായകനായി തുടരുന്ന ധോനി ടീമിനെ നാലു തവണ കിരീട നേട്ടത്തിലും അതിലേറെ തവണ ഫൈനലിലും എത്തിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ ഇതുവരെ 4432 റണ്‍സും ധോനി നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.