1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2016

സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിക്ക് വെള്ളിയാഴ്ച ലോകം വിടനല്‍കും, സംസ്‌ക്കാര ചടങ്ങുകള്‍ യുഎസിലെ ലൂയി വീലില്‍. സംസ്‌കാരച്ചടങ്ങ് ഓണ്‍ലൈന്‍ വഴി തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അരിസോണയില്‍നിന്ന് അലിയുടെ ഭൗതിക ശരീരം ലൂയി വീലില്‍ എത്തിച്ചു. ജന്മദേശമായ ലൂയി വീലിലെ കെന്റക്കില്‍ രണ്ട് ദിവസം മൃതദേഹം പൊതുദര്‍ശനത്തിനുവയ്ക്കും. വെള്ളിയാഴ്ച കേവ് ഹില്‍ ശ്മശാനത്തില്‍ മുസ്‌ലിം ആചാരപ്രകാരമാണ് സംസ്‌കാരം.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനാണു സംസ്‌കാരം. 20,000 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് ഒരുക്കിയിരിക്കുന്നത്. സംസ്‌കാരചടങ്ങുകളില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്. അന്തിമോപചാരമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും തങ്ങള്‍ ക്ഷണിക്കുകയാണെന്നും അലിയുടെ കുടുംബത്തിന്റെ വക്താവ് ബോബ് ഗണ്ണല്‍ അറിയിച്ചു.

അലിയുടെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ലൂയി വീലിലെ പ്രധാന തെരുവിലൂടെയണ് കടന്നു പോകുന്നത്. ഇതേ തെരുവിലാണ് 1960ല്‍ അലി ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ജനങ്ങള്‍ ആഘോഷം സംഘടിപ്പിച്ചത്. അതുകൊണ്ടാണ് ഈ തെരുവിലൂടെ വിലാപയാത്ര നടത്താന്‍ കുടുംബം തീരുമാനിച്ചത്.

സുന്നി ഇസ്‌ലാമിക് ആചാരപ്രകാരം ഷെയ്ഖ് ഇമാം സായിദിന്റെ നേതൃത്വത്തിലാണ് മരണാനന്തര ചടങ്ങുകള്‍. മുഹമ്മദ് അലിയുടെ ആവശ്യപ്രകാരമാണ് സുന്നി ഇസ്‌ലാമിക് ആചാരപ്രകാരം സംസ്‌കാരം നടത്തുന്നത്. വെള്ളിയാഴ്ച രാവിലെ അലിയുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന പ്രത്യേക പ്രാര്‍ഥനാ ചടങ്ങും നടക്കും.

അതേസമയം അലിയുടെ സംസ്‌കാര ചടങ്ങില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ പങ്കെടുക്കില്ല. വെള്ളിയാഴ്ച ഒബാമയുടെ മകളുടെ ബിരുദദാന ചടങ്ങ് നടക്കുന്നതിനാലാണ് അദ്ദേഹവും കുടുംബവും സംസ്‌കാര ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുന്നത്. അനുശോചനം അറിയിച്ച് ഒബാമ അലിയുടെ കുടുംബത്തിന് കത്ത് എഴുതിയിരുന്നു. അലിയുടെ വിധവ ലോനിയുമായി ഒബാമ ടെലിഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.