1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2019

സ്വന്തം ലേഖകൻ: മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ജനങ്ങള്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സെന്‍സസാകും 2021ല്‍ നടത്തുകയെന്നും രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയുടെയും ഡല്‍ഹി സെന്‍സസ് കമ്മിഷണറുടെയും പുതിയ മന്ദിരത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

2021 ലെ സെന്‍സസ് വിവരങ്ങൾ ഭാവി ആസൂത്രണത്തിനും ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ളതാണെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ഡിജിറ്റലായി ഡേറ്റ ശേഖരിക്കുന്ന ആദ്യത്തെ സെൻസസ് ഇതായിരിക്കുമെന്നതിനാൽ വിശാലമായ ശ്രേണികളും ഉപയോഗങ്ങളും ഉണ്ടായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജനന, മരണ രജിസ്‌ട്രേഷന്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തിയാല്‍ 18 വയസാകുന്നവരെ ചേര്‍ക്കാനും മരിക്കുന്നവരുടെ പേര് ഒഴിവാക്കാനും കഴിയും.

ഇതുവഴി നിയമ ലംഘനങ്ങളും ലിംഗസമത്വ പ്രശ്നങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ കുറവുകളും പരിഹരിക്കപ്പെടും. കുടിവെള്ള വിതരണം, റോഡ് കണക്ടിവിറ്റി, വൈദ്യുതി, പൊതുജന സേവനങ്ങള്‍ എന്നിവ ആവിഷ്‌കരിക്കാന്‍ സെന്‍സസ് വിവരങ്ങള്‍ സഹായകമാകും.

ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങളും സെന്‍സസിനൊപ്പം ശേഖരിക്കും.ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പിലൂടെയാകും സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുക. ജനങ്ങള്‍ക്കു കുടുംബാംഗങ്ങളുടെ വിവരം മൊബൈല്‍ ഫോണ്‍ വഴി നല്‍കാം.

16 ഭാഷയില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം. കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും മരിക്കുന്നവരുടെ പേര് സെന്‍സസ് പട്ടികയില്‍നിന്ന് നീക്കാനും ഡിജിറ്റല്‍ സംവിധാനത്തില്‍ സൗകര്യമുണ്ടാകും. സെന്‍സസ്, പൗരത്വ രജിസ്റ്റര്‍ നടപടിക്രമങ്ങള്‍ക്ക് 12000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.

ആധാർ കാർഡ്, വോട്ടർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് തുടങ്ങിയ കാർഡുകളെല്ലാം ഉൾക്കൊള്ളുന്ന ഒരൊറ്റ കാർഡാണ് ഇതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന ഡിജിറ്റൽ സെൻസസ് ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള അടിത്തറ സൃഷ്ടിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

2020ന്റെ തുടക്കത്തിൽ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ് ഗ്രിഡ്) പ്രഖ്യാപിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീകരപ്രവർത്തനവും അനധികൃത കുടിയേറ്റങ്ങളും തടയാൻ വിമാനയാത്ര, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടങ്ങിയ 21 ഡേറ്റാ ബേസുകളിൽനിന്ന് ഒരേസമയം വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നതാണ് ഈ സംവിധാനത്തിന്റെ മെച്ചം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.