1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2018

സ്വന്തം ലേഖകന്‍: മുംബൈ വിമാനാപകടത്തില്‍ സ്വന്തം ജീവന്‍ ബലിനല്‍കി നൂറുകണക്കിനു പേരുടെ ജീവന്‍ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയ, വിമാനത്തിന് ഡി.ജി.സി.ഐ അനുമതിയില്ലെന്ന് റിപ്പോര്‍ട്ട്. വന്‍ദുരന്തത്തില്‍ നിന്ന് മഹാനഗരത്തെ രക്ഷിച്ചത് വനിതാ പൈലറ്റായ മരിയയുടെ സമയോചിതമായി ഇടപെടലായിരുന്നു. വ്യാഴ്ചയാണ് മുംബൈ നഗരത്തില്‍ ഭവന സമുച്ചയങ്ങള്‍ ഏറെയുള്ള ഖട്‌കോപ്പര്‍ മേഖലയില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ രണ്ടു ക്യാപ്ടന്‍മാരുള്‍പ്പെള്‍പ്പെടെ അഞ്ചു പേര്‍ മരണമടഞ്ഞു.

നിയന്ത്രണം നഷ്ടമായിട്ടും സമീപത്തുണ്ടായിരുന്ന പ്രദേശത്തെ നിരവധി ഫ്‌ളാറ്റുകളിലൊന്നില്‍ പോലും ഇടിക്കാതെ കെട്ടിടം പണി നടക്കുന്ന തുറസായ സ്ഥലത്താണ് മരിയ വിമാനം ഇടിച്ചിറക്കിയത്. ഗുഡ്ക കമ്പനി ഉടമ ദീപക് കോത്താരിയുടെ യുവൈ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കിങ് എയര്‍ സി 90 എന്ന 12 സീറ്റുള്ള ചെറുവിമാനമാണ് പരീക്ഷണ പറക്കലിനിടെ തകര്‍ന്നത്.

അപകടത്തില്‍ പൈലറ്റുമാരായ ക്യാപ്ടന്‍ മരിയ, ക്യാപ്റ്റന്‍ പ്രദീപ് രജ്പുത്, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എന്‍ജിനീയര്‍ സുരഭി ഗുപ്ത, ജൂനിയര്‍ ടെക്‌നിഷ്യന്‍ മനീഷ് പാണ്ഡെ എന്നിവരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചത്. ഇതില്‍ സുരഭി രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. അറ്റകുറ്റപ്പണിക്കു ശേഷം ജുഹുവില്‍ നിന്നും മുംബൈയിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം.

വനിതാ പൈലറ്റിന്റെ ഇടപെടലിലാണ് വന്‍ദുരന്തം ഒഴിവായതെന്ന് മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും ട്വീറ്റ് ചെയ്തു. സ്വന്തം ജീവന്‍ പോലും വേണ്ടെന്നുവച്ചാണ് തിരക്കു കുറഞ്ഞ സ്ഥലത്ത് പൈലറ്റ് വിമാനമിറക്കിയതെന്നും പട്ടേല്‍ ട്വീറ്റില്‍ പറയുന്നു. അതേസമയം കാലവസ്ഥ മോശമാണെന്നും വിമാനം പറത്താനാകില്ലെന്നും മരിയ തന്നോട് പറഞ്ഞിരുന്നതായി അവരുടെ ഭര്‍ത്താവ് പറഞ്ഞു.

അതേസമയം വിമാനം പറത്തിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.ഐ)ന്റെ അനുമതി ഇല്ലാതെയെന്ന് റിപ്പോര്‍ട്ട്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വിമാന കമ്പനിയായ യു.വൈ. ഏവിയേഷന്‍ പരീക്ഷണ പറക്കല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, വിമാനം പറത്താന്‍ അനുമതിയില്ലെന്ന ആരോപണം യു.വൈ ഏവിയേഷന്‍ ചെയര്‍മാന്‍ അനില്‍ ചൗഹാന്‍ നിഷേധിച്ചു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.