സ്വന്തം ലേഖകന്‍: ‘മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ല,’ ആക്രമണത്തിന്റെ പത്താം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി മോദി; കുറ്റവാളികള്‍ പാകിസ്താനില്‍ വിലസുന്നതായി വിദേശകാര്യ മന്ത്രാലയം. മുംബൈ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിലെ ഭില്‍വാരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുംബൈ ഭീകരാക്രമണവും അതിലെ കുറ്റവാളികളെയും ഇന്ത്യ ഒരിക്കലും മറക്കില്ല. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഒരവസരത്തിനായി നോക്കിയിരിക്കുകയാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. രാജ്യത്തെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു,’ മോദി പറഞ്ഞു. ഭീകരര്‍ക്കെതിരെ പോരാടി ജീവന്‍ ബലിയര്‍പ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുന്നില്‍ രാജ്യം പ്രണാമം അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച പ്രധാനമന്ത്രി അവര്‍ക്ക് നീതി നടപ്പാക്കുമെന്നും ഉറപ്പുനല്‍കി. രാജസ്ഥാനിലെ ഭില്‍വാരയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിലും പൊതുസമ്മേളനത്തിലും വന്‍ ജനാവലിയാണ് പങ്കെടുത്തത്. ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്.
രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്ന് പത്ത് വര്‍ഷം കഴിഞ്ഞിട്ടും മുഖ്യ ആസൂത്രകര്‍ പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുന്നതിനെതിരെ ശക്തമായ ഭാഷയില്‍ ഇന്ത്യ പ്രതികരിച്ചിരുന്നു. കുറ്റവാളികളെ നീതിക്ക് മുന്നിലെത്തിക്കാന്‍ വേണ്ടത്ര ആത്മാര്‍ഥത പാകിസ്താന്‍ കാണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ വിറപ്പിച്ച 58 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലില്‍ 166 നിരപരാധികളാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല