1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2022

സ്വന്തം ലേഖകൻ: ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പഞ്ചാബ് സ്വദേശിയെ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തു. കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ ഓസ്‌ട്രേലിയയ്ക്ക് കൈമാറാനുള്ള നടപടികള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു. ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡില്‍ 2018-ലായിരുന്നു കേസിന് ആസ്പദമായ സംഭവം.

ഫാര്‍മസി ജീവനക്കാരിയായ ഇരുപത്തിനാലുകാരിയെ വാന്‍ഗെറ്റി ബീച്ചില്‍വെച്ച്, രാജ്വിന്ദര്‍ സിങ് കൊലപ്പെടുത്തുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം ഭാര്യയെയും മക്കളെയും ജോലിയും ഉപേക്ഷിച്ച് രാജ്വിന്ദര്‍ ഇന്ത്യയിലേക്ക് കടന്നു. 2021 മാര്‍ച്ചില്‍ രാജ്വിന്ദറിനെ കൈമാറണമെന്ന് ഇന്ത്യയോട് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇക്കൊല്ലം നവംബറിലാണ് വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം കൈക്കൊണ്ടത്. ഇതിനു പിന്നാലെ ഇന്ന് (വെള്ളിയാഴ്ച) ഡല്‍ഹി പോലീസ് രാജ്വിന്ദറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പഞ്ചാബിലെ ബുട്ടര്‍ കലാം സ്വദേശിയായ രാജ്വിന്ദര്‍, ഓസ്ട്രേലിയയിലെ ഇനിസ്ഫേല്‍ ടൗണിലായിരുന്നു താമസിച്ചിരുന്നത്. അവിടെ നഴ്സിങ് അസിസ്റ്റന്റായാണ് ജോലി നോക്കിയിരുന്നത്.

അതിനിടെ രാജ്വിന്ദറിനെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഒസ്‌ട്രേലിയന്‍ ഡോളര്‍ ( അഞ്ചരക്കോടിയിലധികം രൂപ ) ക്വീന്‍സ്‌ലാന്‍ഡ് പോലീസ് വാഗ്ദാനം ചെയ്തിരുന്നു. ക്വീന്‍സ്‌ലാന്‍ഡ് പോലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും വലിയ പ്രതിഫല തുകയായിരുന്നു ഇത്.

രാജ്വിന്ദറിനെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്നും ശേഷം ഓസ്‌ട്രേലിയയിലേക്ക് കൈമാറാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ക്വീന്‍സ്‌ലാന്‍ഡ് കമ്മിഷണര്‍ കാതറീന കരോള്‍ അറിയിച്ചു. ഇന്ത്യന്‍ പോലീസും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും സംയുക്തമായാണ് ഇയാളെ കണ്ടെത്തിയത്. നായയെ ബീച്ചില്‍ നടത്താന്‍ പോയപ്പോഴാണ് യുവതി കൊല്ലപ്പെട്ടത്. മകളെ കാണാത്തതിനെ തുടര്‍ന്ന് പിറ്റേന്ന് യുവതിയുടെ പിതാവ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.