1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2024

സ്വന്തം ലേഖകൻ: അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയെന്ന കേസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്. അമേരിക്കയിലെ പെന്‍സില്‍വേനിയയില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41)യെയാണ് ശനിയാഴ്ച കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ചികിത്സയിലായിരുന്ന 17 രോഗികളുടെ മരണത്തിന് ഉത്തരവാദി ഹെതര്‍ പ്രസ്ഡിയാണെന്നായിരുന്നു കണ്ടെത്തല്‍. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അഞ്ച് ആശുപത്രികളിലായാണ് പ്രതി രോഗികളെ കൊലപ്പെടുത്തിയത്. കോടതിയില്‍ നടന്ന വിചാരണയില്‍ മൂന്ന് കൊലക്കേസുകളിലും 19 വധശ്രമക്കേസുകളിലുമാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ആശുപത്രിയില്‍ രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ഹെതര്‍ പ്രസ്ഡി രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. പ്രമേഹമില്ലാത്ത രോഗികള്‍ ഉള്‍പ്പെടെ ഏകദേശം 22 പേര്‍ക്ക് ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവെച്ചിരുന്നു. ഇവരില്‍ ചിലര്‍ കുത്തിവെപ്പിന് പിന്നാലെ മരണപ്പെട്ടു. മറ്റുചിലര്‍ ഏതാനുംദിവസങ്ങള്‍ക്കുള്ളിലും മരണത്തിന് കീഴടങ്ങി.

43 വയസ്സ് മുതല്‍ 104 വയസ്സ് വരെ പ്രായമുള്ള രോഗികളാണ് നഴ്‌സിന്റെ ക്രൂരതയ്ക്കിരയായത്. കഴിഞ്ഞവര്‍ഷം മേയില്‍ രണ്ട് രോഗികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതിനാണ് ഹെതര്‍ പ്രസ്ഡിയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തുകയായിരുന്നു.

2018 മുതല്‍ വിവിധ നഴ്‌സിങ് ഹോമുകളിലും ആശുപത്രികളിലുമായാണ് ഹെതര്‍ പ്രസ്ഡി ജോലിചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം കൊലക്കേസില്‍ പിടിയിലായതോടെ പ്രതിയുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജോലിസ്ഥലത്ത് പ്രതി അസുന്തഷ്ടയായിരുന്നുന്നുവെന്ന്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രോഗികളെയും സഹപ്രവര്‍ത്തകരെയും റസ്റ്ററന്റില്‍ കണ്ടുമുട്ടുന്ന മറ്റുചിലരെപ്പോലും പ്രതി ഇഷ്ടപ്പെട്ടിരുന്നില്ല.

ഇതേക്കുറിച്ച് അമ്മയ്ക്ക് അയച്ച സന്ദേശങ്ങളില്‍ പ്രതി വിശദീകരിച്ചിരുന്നു. ഇവരെ ഉപദ്രവിക്കണമെന്നും പറഞ്ഞിരുന്നു. ഹെതറിന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ സംബന്ധിച്ച് സഹപ്രവര്‍ത്തകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് കണ്ടെത്തല്‍. രോഗികളോട് വെറുപ്പ് പ്രകടിപ്പിക്കുന്നതും രോഗികളെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതുമാണ് സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

കോടതിയില്‍ നടന്ന വിചാരണയില്‍ ഹെതര്‍ പ്രസ്ഡി കുറ്റം സമ്മതിച്ചിരുന്നു. എന്തുകൊണ്ടാണ് കുറ്റം സമ്മതിക്കുന്നതെന്ന് അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ കുറ്റക്കാരിയായത് തന്നെയാണ് കാരണം’ എന്നായിരുന്നു പ്രതിയുടെ മറുപടി. അതേസമയം, പ്രതിയായ ഹെതറിനെ സാത്താന്‍ എന്നാണ് ഇരകളിലൊരാളുടെ കുടുംബാംഗം കോടതിയില്‍ പറഞ്ഞത്. ‘അവള്‍ക്ക് അസുഖമോ ഭ്രാന്തോ ഉണ്ടായിരുന്നില്ല. അവള്‍ ഒരു ദുഷിച്ച വ്യക്തിയാണ്. എന്റെ പിതാവിനെ കൊന്നദിവസം രാവിലെ ആ സാത്താന്റെ മുഖത്തേക്ക് ഞാന്‍ നോക്കിയിരുന്നു’ എന്നാണ് ഇവര്‍ കോടതിയില്‍ പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.