
സ്വന്തം ലേഖകൻ: ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ചു മസ്‌കത്തില്‍ നിന്നു കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ക്ക് അധിക ബാഗേജ് ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. സൗജന്യ ബാഗേജ് പരിധി പത്തു കിലോ വര്‍ധിപ്പിച്ചു. ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് അനുവദിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. ഹാന്‍ഡ് ബാഗേജ് ഏഴ് കിലോയ്ക്ക് പുറമെയാണിത്.
നേരത്തെ ഗോ ഫസ്റ്റ് വിമാന കമ്പനിയും കണ്ണൂര്‍ സെക്ടറിലേക്കുള്ള യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ് കേരളത്തിലെ മറ്റു മൂന്നു സെക്ടറുകളിലേക്കും സര്‍വീസ് നടത്തുന്നുണ്ടെണ്ടെങ്കിലും കണ്ണൂരിലേക്കു മാത്രമേ ബാഗേജ് ഇളവ് ഏര്‍പ്പെടുത്തിയിട്ടുള്ളൂ. ഗോ ഫസ്റ്റ് മസ്‌കത്തില്‍ നിന്ന് നേരിട്ട് കണ്ണൂരിലേക്കു മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.
നേരത്തെ ഒമാൻ ദേശീയ ദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 30, ഡിസംബർ ഒന്ന് എന്നീ രണ്ട് ദിവസങ്ങളിൽ ആണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ആകെ നാല് ദിവസത്തെ അവധി ലഭിക്കും. പിന്നീട് ഡിസംബര്‍ നാലാം തിയതി എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കും. കഴിഞ്ഞ ദിവസം ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തിറങ്ങിയത്. ഒമാന്റെ അൻപത്തി രണ്ടാമത് ദേശീയ ദിനമാണ് ഇപ്പോൾ ആഘോഷിക്കാൻ പോകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല