സ്വന്തം ലേഖകൻ: ഒമാനിലെ മസ്കറ്റില്‍ നിന്ന് ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി ഒമാന്‍ എയര്‍ മറ്റന്നാള്‍ മുതല്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്കും ലക്നോവിലേക്കുമാണ് സര്‍വീസ്. നേരത്തേ ഉണ്ടായിരുന്ന രണ്ട് സര്‍വീസുകളും പുനരാരംഭിക്കുകയാണ്.
മസ്കറ്റ്-തിരുവന്തപുരം സര്‍വീസില്‍ 162 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിങ് 737 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. മസ്കറ്റ്-ലക്നോ റൂട്ടില്‍ ഒമ്പത് വിമാനങ്ങള്‍ സര്‍വീസ് നടത്തും. വരുന്ന ഡിസംബറില്‍ അവ 10 ആയി ഉയര്‍ത്തും.
ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.45ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8.45ന് തിരിച്ചുപറക്കും. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ 7.45ന് എത്തി 8.45ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 01.55ന് എത്തി വൈകീട്ട് 4.10നാണ് മടങ്ങുക. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30ന് എത്തി 3.30ന് പുറപ്പെടും.
മസ്കറ്റ്-തിരുവന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഒമാന്‍ എയര്‍ കൂടി വരുന്നതോടെ രണ്ട് നഗരങ്ങളെയും ബന്ധിപ്പിച്ച് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാന കമ്പനികളുടെ എണ്ണം രണ്ടാവും.
നിലവില്‍ പ്രതിദിനം 82 വിമാന സര്‍വീസുകളിലായി ശരാശരി 12,000 പേരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. പുതിയ സര്‍വീസ് കൂടി വരുന്നതോടെ കൂടുതല്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്നു. 2023-24 ആദ്യ പാദത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ 10 ലക്ഷത്തിലധികം യാത്രക്കാരെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല