1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2015

സ്വന്തം ലേഖകന്‍: ലോകം മുഴുവന്‍ ഉറ്റുനോക്കവെ മ്യാന്മര്‍ ജനത ജനാധിപത്യത്തിനായി വോട്ട് രേഖപ്പെടുത്തി, 50 വര്‍ഷത്തിടെ ഏറ്റവും സ്വന്തന്ത്രമായ തെരഞ്ഞെടുപ്പെന്ന് നിരീക്ഷകര്‍. പട്ടാളത്തിനു രാജ്യത്തിന്റെ ഭരണത്തിലുള്ള നിയന്ത്രണം എത്രമാത്രം വേണമെന്ന് തീരുമാനിക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്.

വംശീയ ന്യൂനപക്ഷങ്ങളുടേത് ഉള്‍പ്പെടെ തൊണ്ണൂറോളം പാര്‍ട്ടികള്‍ മല്‍സരരംഗത്തുണ്ടെങ്കിലും പ്രധാന പോരാട്ടം 25 വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ് സാന്‍ സൂ ചിയുടെ നാഷനല്‍ ലീഗ് ഓഫ് ഡമോക്രസിയും (എന്‍എല്‍ഡി) മുന്‍ പട്ടാളഭരണകൂടത്തില്‍ അംഗങ്ങളായിരുന്ന സൈനിക ഓഫിസര്‍മാര്‍ ഏറെയുള്ള ഭരണകക്ഷി യൂണിയന്‍ സോളിഡാരിറ്റി ഡവലപ്‌മെന്റ് പാര്‍ട്ടിയും തമ്മിലാണ്.

സൂചിയുടെ പാര്‍ട്ടിക്കാണ് വിജയ സാധ്യതയെങ്കിലും വിദേശ പൗരത്വമുള്ളവര്‍ കുടുംബാംഗങ്ങളായുള്ളവര്‍ പ്രസിഡന്റാവുന്നതു ഭരണഘടന വിലക്കിയിരിക്കുന്നതിനാല്‍ സൂ ചിക്ക് പ്രസിഡന്റാകാന്‍ ആവില്ല. സൂ ചിയുടെ ഭര്‍ത്താവ് ബ്രിട്ടിഷ് പൗരനായിരുന്നു. കൂടാതെ മക്കള്‍ ബ്രിട്ടിഷ് പൗരത്വമുള്ളവരും ബ്രിട്ടനില്‍ താമസിക്കുന്നവരുമാണ്. പ്രസിഡന്റാകാന്‍ കഴിഞ്ഞില്ലെങ്കിലും പുതിയ സര്‍ക്കാര്‍ തന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുമെന്നു സൂ ചി കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

തടാക തീരത്തെ വസതിയില്‍നിന്ന് അടുത്തുള്ള പോളിങ് സ്റ്റേഷനിലെത്തിയ സൂ ചിയെ ലോകമെങ്ങുംനിന്നുള്ള നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകര്‍ കാത്തുനിന്നിരുന്നു. എന്നാല്‍ വോട്ടുചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു പിടികൊടുക്കാതെ സൂ ചി തിരിച്ചുപോയി. ജനവിധി അംഗീകരിക്കുമെന്നു പട്ടാള മേധാവി വ്യക്തമാക്കിയിട്ടുണ്ട്. 1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സൂ ചിയുടെ പാര്‍ട്ടി ഭൂരിപക്ഷം നേടിയിരുന്നു. എന്നാല്‍ പട്ടാളം ഭരണം കൈമാറിയില്ല.

രാജ്യാന്തര സമ്മര്‍ദത്തെത്തുടര്‍ന്നു 2010ല്‍ പട്ടാളഭരണകൂടം പൊതു തിരഞ്ഞെടുപ്പു നടത്തിയെങ്കിലും പ്രധാന പ്രതിപക്ഷമായ എന്‍എല്‍ഡി അതു ബഹിഷ്‌കരിക്കുകയായിരുന്നു. നീതിപൂര്‍വകമല്ലാത്ത തിരഞ്ഞെടുപ്പു നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതായിരുന്നു കാരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.