1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2021

സ്വന്തം ലേഖകൻ: പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് നിരോധിച്ച് മ്യാന്‍മര്‍ സേന. സാധാരണ ഇന്റര്‍നെറ്റ് കണക്ടിവിറ്റി 16 ശതമാനത്തിനേക്കാള്‍ താഴ്ന്നിരിക്കുകയാണെന്ന് സാമൂഹ്യ സംഘടനയായ നെറ്റ്‌ബ്ലോക്ക്‌സ് ഇന്റര്‍നെറ്റ് ഒബ്‌സര്‍വേറ്ററി അറിയിച്ചു.

പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പട്ടാളം തടവിലാക്കിയ പ്രമുഖ നേതാവ് ആങ് സാന്‍ സൂചിയുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും മോചനം ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന പാതകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.

ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെല്ലാം നേരത്തെ തന്നെ പട്ടാളം റദ്ദാക്കിയിരുന്നു. പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കാനും ആളുകള്‍ ഒന്നിച്ചു കൂടാതികരിക്കാനും വേണ്ടിയായിരുന്നു ഈ നടപടികള്‍. എന്നാല്‍ വി.പി.എന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ സോഷ്യല്‍ മീഡിയ ആക്‌സെസ് ചെയ്യുകയും പ്രതിഷേധത്തിലേക്ക് എത്തിച്ചേരുകയും ചെയ്തതോടെയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റും നിരോധിച്ചിരിക്കുന്നത്.

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരിക്കുകയാണ്.

ഭരണകക്ഷിയിലെ ഈ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.