1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 28, 2021

സ്വന്തം ലേഖകൻ: പട്ടാള ഭരണത്തിനെതിരെ മ്യാൻമറിലെ വിവിധ നഗരങ്ങളിൽ തെരുവിലിറങ്ങിയ 114 പേരെ സൈന്യം വെടിവച്ചുകൊന്നു. ജനകീയ പ്രക്ഷോഭത്തിലെ ഏറ്റവും രക്തരൂഷിതമായ ദിവസമായിരുന്നു ഇന്നലെ. കണ്ടാലുടൻ വെടിവയ്ക്കാനാണ് ഉത്തരവ്. യാങ്കൂണിലും മൻഡാലെയിലും അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരുകയാണ്.

ഒന്നര മാസം പിന്നിട്ട പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കവിഞ്ഞു. മാൻഡലെയിൽ 5 വയസ്സുള്ള ബാലൻ അടക്കം 29 പേരാണു കൊല്ലപ്പെട്ടത്. യാങ്കൂണിൽ 24 പേരും. ഒരു വയസ്സുള്ള കുഞ്ഞിന്റെ കണ്ണിൽ റബർ ബുള്ളറ്റേറ്റതായും റിപ്പോർട്ടുണ്ട്. ‘തലയിലും പുറത്തും’ വെടിയേൽക്കുന്ന സാഹചര്യം സമരക്കാരുണ്ടാക്കിയെന്നാണു സർക്കാർ ടിവി റിപ്പോർട്ട്.

വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത സായുധസേനാ ദിനാഘോഷത്തിനിടെയാണ് പട്ടാളത്തിന്റെ കൂട്ടക്കുരുതി. ജനാധിപത്യത്തെ സംരക്ഷിക്കാനാണു കർശനനടപടികളെന്നും തിരഞ്ഞെടുപ്പു നടത്തുമെന്നും തലസ്ഥാനനഗരമായ നയ്പിഡോയിൽ നടന്ന സൈനിക പരേഡിൽ പട്ടാളഭരണത്തലവനായ ജനറൽ മിൻ ഓങ് ലെയ്ങ് പറഞ്ഞു.

യൂറോപ്യൻ യൂണിയനും യുഎസും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പിന്തുണ മ്യാൻമറിനുണ്ട്. റഷ്യയുടെ ഡപ്യൂട്ടി പ്രതിരോധ മന്ത്രി സൈനിക ദിനാഘോഷത്തിൽ പങ്കെടുക്കുകയും ചെയ്തു. ഇന്ത്യയും പാക്കിസ്ഥാനുമടക്കം 8 രാജ്യങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തതായാണു റിപ്പോർട്ട്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായതിനാൽ, ഉപരോധനീക്കം ഉണ്ടായാൽ തടയാനും കഴിയും.

കഴിഞ്ഞ വർഷം നവംബറിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമം കാണിച്ചാണെന്ന് ആരോപിച്ച് ഫെബ്രുവരി ഒന്നിനാണു പട്ടാളം അധികാരം പിടിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.