
സ്വന്തം ലേഖകൻ: ആഭ്യന്തര കലാപം രൂക്ഷമായ മ്യാൻമറിൽ ജനക്കൂട്ടത്തിന് നേരെ വെടിവയ്ക്കരുതെന്ന് പട്ടാളത്തോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ച് കന്യാസ്ത്രി. സിസ്റ്റർ ആൻ റോസയാണ് ജനക്കൂട്ടത്തിന്റെ ജീവൻ രക്ഷിക്കുവാനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പട്ടാളത്തിന് മുൻപിലേക്ക് ധൈര്യസമേതം ഇറങ്ങി ചെന്നത്.
പട്ടാളക്കാർക്കും പ്രക്ഷോഭകരുടെയും മധ്യത്തിലായി നടുറോഡിൽ മുട്ടുകുത്തി നിൽക്കുന്ന സിസ്റ്റർ ആൻ റോസയുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമമാണ് പുറത്തുവിട്ടത്. നിമിഷങ്ങൾക്കകം തന്നെ സംഭവം ലോകവ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്തു.പ്രതിഷേധിക്കുന്ന മനുഷ്യരുടെ വേദന തിരിച്ചറിഞ്ഞാണ് സ്വന്തം സുരക്ഷ അവഗണിച്ച് പട്ടാളത്തിന്റെ അടുത്തേയ്ക്ക് പോയതെന്ന് സിസ്റ്റര്‍ ആന്‍ റോസ മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ രണ്ട് പ്രക്ഷോഭകരെ കൂടി സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകളുണ്ട്. പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ ഒരു ദാക്ഷിണ്യവുമില്ലാതെയാണ് പൊലീസും സൈന്യവും നേരിടുന്നത്. കാച്ചിൻ സ്റ്റേറ്റിലെ മൈറ്റ്കിനയിൽ നടന്ന അട്ടിമറിവിരുദ്ധ പ്രക്ഷോഭത്തിനിടെയാണ് രണ്ടു പേർക്ക് തലക്ക് വെടിയേറ്റതെന്നാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല