
സ്വന്തം ലേഖകൻ: മ്യാന്മർ പട്ടാളത്തിൻ്റെ വെടിയേറ്റ് മരിച്ചവരുടെ സംസ്ക്കാര ചടങ്ങിൽ ആളിക്കത്തി പ്രതിഷേധം. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പൊലീസ് വെടിവയ്പിനും ക്രൂരമായ അടിച്ചമർത്തലിനും ആവേശം ചോർത്താനാവാതെ മ്യാൻമറിലെങ്ങും പട്ടാള അട്ടിമറിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ.
കപ്പൽശാല തൊഴിലാളികളുടെ സമരറാലിക്കു നേരെ ശനിയാഴ്ച വെടിവയ്പു നടന്ന മാൻഡലെയിൽ ഇന്നലെ പതിനായിരങ്ങൾ പങ്കെടുത്ത റാലി സമാധാനപരമായിരുന്നു. ഓങ് സാൻ സൂ ചിയുടെ മോചനത്തിനും ജനാധിപത്യ പുനഃസ്ഥാപനത്തിനുമായി രാജ്യത്തെ മിക്ക നഗരങ്ങളിലും നടന്ന റാലികളിൽ യുവത്വത്തിന്റെ മുന്നേറ്റം പ്രകടമായിരുന്നു.
നെയ്പീദോയിൽ ഈ മാസം 9നു പ്രക്ഷോഭത്തിനിടെ വെടിയേറ്റതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഇരുപതുകാരിയുടെ സംസ്കാരം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ആയിരത്തോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം ആശുപത്രിയിൽ നിന്നു സെമിത്തേരിയിലേക്കു കൊണ്ടുപോയത്.
ജനാധിപത്യ പ്രക്ഷോഭകർക്കു നേരെ അമിത ബലപ്രയോഗം നടത്തുന്നതിൽ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിച്ചു. മ്യാൻമർ പട്ടാളത്തിന്റെ ഫെയ്സ്ബുക് പേജ് നീക്കം ചെയ്തതായി ഫെയ്സ്ബുക് അധികൃതർ അറിയിച്ചു. പട്ടാള മേധാവികളുടെ അക്കൗണ്ടുകൾ നേരത്തെ തന്നെ നീക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല