
സ്വന്തം ലേഖകൻ: മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭം രക്തരൂഷിതം. പട്ടാള അട്ടിമറിക്കെതിരെ നടക്കുന്ന പ്രക്ഷോഭത്തിനു നേരെയുള്ള സേനയുടെ വെടിവയ്പിൽ 38 പേർ കൊല്ലപ്പെട്ടു. സമരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബുധനാഴ്ചയാണ്.
മരിച്ചവരിൽ 4 പേർ കുട്ടികളാണ്.പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം ഇതുവരെ 50 പേരാണ് കൊല്ലപ്പെട്ടത്. യാങ്കൂണിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. മതിയായ മുന്നറിയിപ്പില്ലാതെ അടുത്തു നിന്നു പട്ടാളം വെടിവയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് യുഎൻ പ്രതിനിധികൾ പറഞ്ഞു.
മരിച്ചവരിൽ 14 വയസുകാരനും ഉണ്ടെന്നാണു വിവരം. പലയിടങ്ങളിലും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ റബർ ബുള്ളറ്റുകളും കണ്ണീർ വാതകവും ഗ്രനേഡുകളും പ്രയോഗിക്കുകയാണെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൊനിവ സിറ്റിയിൽ തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനുനേർക്ക് പട്ടാളം നടത്തിയ വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ഇവരുടെ തലയിലാണു വെടിയേറ്റത്.
മിൻഗിയാനിലാണ് 14 വയസുള്ള ബാലനു തലയിലും നെഞ്ചിലും വെടിയേറ്റതെന്ന് ഡെമോക്രാറ്റിക് വോയിസ് ഓഫ് ബർമ എന്ന ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. മഗ്വോയിൽ മറ്റൊരു വിദ്യാർഥിക്കും വെടിയേറ്റു.
2021 ഫെബ്രുവരി ഒന്നിനാണ് ഓംഗ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ചെടുത്തത്. അന്നു മുതൽ ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്.
ബ്രിട്ടന്റെ ആവശ്യപ്രകാരം യുഎൻ സുരക്ഷാ കൗൺസിൽ വെള്ളിയാഴ്ച നയതന്ത്രപ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ, കൗൺസിൽ സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ അധികാരം ഉപയോഗപ്പെടുത്തി മ്യാൻമറിനെതിരേയുള്ള യുഎൻ നടപടികൾക്കു തടയിടുമെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല