
സ്വന്തം ലേഖകൻ: അട്ടിമറിയിലൂടെ പട്ടാളം അധികാരം പിടിച്ച മ്യാൻമറിൽ ജനങ്ങളുടെ നിസ്സഹകരണ സമരം ശക്തമാകുന്നു. നെയ്പെദോയിൽ തടങ്കലിൽ കഴിയുന്ന ജനാധിപത്യസമര നായികയും നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) നേതാവുമായ ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഇന്നലെ അധ്യാപകരും വിദ്യാർഥികളും തെരുവിലിറങ്ങി. ആരോഗ്യപ്രവർത്തകർ തുടക്കമിട്ട അട്ടിമറി വിരുദ്ധ നിസ്സഹകരണ സമരത്തിന് എൻഎൽഡി ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു.
എൻഎൽഡിയുടെ ചുവപ്പു പതാകകളും ചുവപ്പു റിബണുകളും തെരുവീഥികളിൽ നിറയുന്നു. എൻഎൽഡിയുടെ മുതിർന്ന നേതാവ് വിൻ ഹെറ്റിൻ ഉൾപ്പെടെ ഒട്ടേറെ പേർ അറസ്റ്റിലായി. ഫെയ്സ്ബുക് നിരോധിക്കപ്പെട്ടതിനാൽ ട്വിറ്ററിലൂടെയാണ് സമരക്കാർ സന്ദേശങ്ങൾ കൈമാറുന്നത്. ഇതോടെ ട്വിറ്ററും ഇൻസ്റ്റഗ്രാമും നിരോധിച്ചു.
മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ സഖ്യകക്ഷികളുമായി ആലോചിച്ചു ശ്രമങ്ങൾ തുടങ്ങിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. പട്ടാള ഭരണകൂടം വഴങ്ങിയില്ലെങ്കിൽ കനത്ത ഉപരോധം ഉൾപ്പെടെയുള്ള നടപടികളുണ്ടാവും. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാൻ നേതൃത്വവുമായി ബൈഡൻ ഫോണിൽ സംഭാഷണം നടത്തി.
അടിച്ചമർത്തൽ അവസാനിപ്പിച്ച് മ്യാൻമറിൽ ജനാധിപത്യത്തിന് അവസരം നൽകണമെന്നും സൂചി ഉൾപ്പെടെയുള്ള നേതാക്കളെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ രക്ഷാസമിതി ആവശ്യപ്പെട്ടു. ചൈനയും റഷ്യയും എതിർത്തതിനാൽ പ്രസ്താവനയിൽ പട്ടാള അട്ടിമറിയെക്കുറിച്ചു പരാമർശിക്കുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല