
സ്വന്തം ലേഖകൻ: മ്യാന്മറിൽ പട്ടാള അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്തുന്നവർക്കുനേരെ വീണ്ടും വെടിവെപ്പ്. ഏഴുപേർ കൊല്ലപ്പെട്ടു. ഇതോടെ മരണം 70നോടടുത്തു. സമാധാനപരമായി പ്രകടനം നടത്തുന്നവർക്കെതിരെ സൈന്യം യുദ്ധതന്ത്രങ്ങൾ പ്രയോഗിക്കുന്നതായി ആംനസ്റ്റി ഇൻറർനാഷനൽ ആരോപിച്ചു.
പ്രധാന നഗരങ്ങളിലൊന്നായ മയംഗിൽ വ്യാഴാഴ്ച സുരക്ഷസേന നടത്തിയ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മ്യാന്മറിലെ ഏറ്റവും വലിയ നഗരമായ യാംഗോനിലെ നോർത്ത് ഡാഗോൺ ജില്ലയിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് ആഭ്യന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടു മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. മാധ്യമപ്രവർത്തകരടക്കം ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഓങ് സാൻ സൂചി ആറു ലക്ഷം ഡോളറിെൻറ അനധികൃത സ്വത്തുക്കൾ കൈപ്പറ്റിയിട്ടുണ്ടെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സാവ് മിൻ തുൻ വ്യാഴാഴ്ച തലസ്ഥാനമായ നയ്പിഡാവിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് വിൻ മൈൻറും നിരവധി കാബിനറ്റ് മന്ത്രിമാരും അഴിമതിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അവർ രാജ്യത്തെ തെരഞ്ഞെടുപ്പ് കമീഷനെ സമ്മർദത്തിലാക്കിയതായും അദ്ദേഹം പറഞ്ഞു.
പുതിയ ആരോപണങ്ങൾ സൂചിയുടെ തടവ് നീളാൻ ഇടയാക്കും. സ്ത്രീകൾ, യുവാക്കൾ, കുട്ടികൾ എന്നിവരുൾപ്പെടെയുള്ള സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ മ്യാന്മർ സുരക്ഷസേന നടത്തിയ അക്രമത്തെ 15 അംഗ യു.എൻ സുരക്ഷ സമിതി ശക്തമായി അപലപിച്ചു. മ്യാന്മറിലെ ഒട്ടുമിക്ക നഗരങ്ങളിലും വ്യാപക പ്രക്ഷോഭങ്ങളാണ് അരങ്ങേറിെക്കാണ്ടിരിക്കുന്നത്. ഇതിനെ അടിച്ചമർത്താൻ മൃഗീയ അക്രമമാണ് സൈന്യം നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല