1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2017

സ്വന്തം ലേഖകന്‍: ജയലളിതയുടെ ആയിരം കോടിയിലധികം മതിപ്പുള്ള സ്വത്തുക്കളുടെ അനന്തരാവകാശി ആര്? നിഗൂഡത ബാക്കിയാക്കി വില്‍പ്പത്രം ഇപ്പോഴും കാണാമറയത്ത്. ആയിരം കോടിയിലധികം രൂപ മതിപ്പുവിലയുള്ള സ്വത്ത് ജയലളിതയ്ക്കുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ കൈക്കലാക്കാന്‍ അവകാശികളെന്ന വ്യാജേന പലരും രംഗത്തുണ്ട്. എന്നാല്‍ വില്‍പ്പത്രം കണ്ടെത്താതെ അനന്തരാവകാശികളെ അന്തിമമായി തീരുമാനിക്കാനാവില്ല.

കോത്തഗിരിയില്‍ 900 ഏക്കര്‍ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് നിലവിലെ മതിപ്പുവില 100 കോടി വരും. ചെന്നൈയ്ക്കടുത്ത ഒ.എം.ആറിലുള്ള സിരുതാവൂര്‍ ബംഗ്‌ളാവ് 67 ഏക്കറിലാണ്. ആന്ധ്രയില്‍ രണ്ട് ഒഴിവുകാലവസതികളുമുണ്ട്. ചെന്നൈയ്ക്കടുത്ത പയ്യാനൂരില്‍ ബംഗ്‌ളാവുണ്ട്. 1967ല്‍ 1.32 ലക്ഷത്തിന് വാങ്ങിയ പോയസ് ഗാര്‍ഡനിലെ വീടിന് നൂറുകോടിക്കടുത്ത് വില വരുമെങ്കിലും ഇത് സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

ഇതു കൂടാതെ കര്‍ണാടക കോടതി ലോക്കറില്‍ 28 കിലോ സ്വര്‍ണമുണ്ട്.
തന്റെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാന്‍ ജയലളിത ഒരു ട്രസ്റ്റിന് രൂപം നല്‍കിയിട്ടുണ്ടെന്നും അതിന്റെ തലപ്പത്ത് ശശികലയെയാണ് നിയമിച്ചിരിക്കുന്നതും പ്രചാരണമുണ്ട്. ജയലളിതയുടെ സ്വത്ത് സംരക്ഷിക്കാന്‍ അടിയന്തരമായി അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. നിലവില്‍ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാണെന്ന് പറയുന്നത് സഹോദരന്റെ മക്കളായ ദീപയും ദീപക്കും ആണ്.

എന്നാല്‍, പുതുതായി അവകാശം ഉന്നയിച്ച് എത്തിയവര്‍ യഥാര്‍ഥത്തിലുള്ളവരാണെന്ന് തെളിയിക്കപ്പെട്ടാല്‍ അവര്‍ക്കായിരിക്കും സ്വത്ത് ലഭിക്കുകയെന്ന് തമിഴ്‌നാട് മുന്‍ പബ്‌ളിക്‌ േപ്രാസിക്യൂട്ടര്‍ എസ്. ജയകുമാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കോടതിക്കു മാത്രമേ അന്തിമ തീര്‍പ്പു കല്‍പ്പിക്കാനാവുകയുള്ളൂവെന്നും ഇതിന് സമയമേറെ എടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.