1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2023

സ്വന്തം ലേഖകൻ: ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍നിന്ന് സെപ്റ്റംബര്‍ 10-ന് വൈകീട്ട് ഒരു ആഡംബരത്തീവണ്ടിയില്‍ റഷ്യ ലക്ഷ്യമാക്കി യാത്രതിരിച്ചു. മുന്‍ യാത്രകളില്‍നിന്ന് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു കിമ്മിന്റെ ഈ യാത്ര. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കിം ഒരു വിദേശരാജ്യത്തേക്ക് പോകുന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള കിമ്മിന്റെ ആദ്യ വിദേശ സന്ദര്‍ശനവുമായിരുന്നു ഇത്.

റഷ്യ-ഉത്തര കൊറിയ ബന്ധം ശക്തിപ്പെടുന്നതിനിടെയായിരുന്നു കിം റഷ്യ സന്ദര്‍ശിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളില്ലായിരുന്നുവെങ്കിലും സഖ്യകക്ഷികള്‍ എന്ന് വിളിക്കാവുന്ന നിലയിലായിരുന്നില്ല ആ ബന്ധം. രണ്ടായിരങ്ങളുടെ അവസാനത്തില്‍ ഉത്തര കൊറിയയ്ക്കെതിരായ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ ഉപരോധത്തെ റഷ്യ രണ്ടുതവണ പിന്തുണച്ചിരുന്നു എന്നത് ആ അടുപ്പക്കുറവ് വ്യക്തമാക്കുന്നതാണ്.

എന്നാല്‍ മാറിയ സാഹചര്യത്തില്‍, സമീപദിവസങ്ങളിലെ കൂടിക്കാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെയാണ് കിമ്മിന്റെ റഷ്യ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളുടേ ശ്രദ്ധയാകര്‍ഷിച്ചതും. പാശ്ചാത്യരാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ശത്രുതയിലുള്ള രണ്ട് നേതാക്കള്‍ തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധത്തിന് അടിവരയിടുന്നതായിരുന്നു ഈ കൂടിക്കാഴ്ച.

റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ വൊസ്റ്റോച്നിയിലെ ബഹിരാകാശനിലയത്തിലായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ ആശങ്കയോടെ ഉറ്റുനോക്കിയ കൂടിക്കാഴ്ച. ചൈനയെ മാത്രമല്ല തങ്ങള്‍ക്ക് ആശ്രയിക്കാനുള്ളതെന്ന് ലോകത്തെ കാണിക്കാനുള്ള അവസരംകൂടിയാണ് ഉത്തരകൊറിയക്ക് ഈ റഷ്യന്‍ സന്ദര്‍ശനം. അന്താരാഷ്ട്ര ഉപരോധങ്ങള്‍ക്കിടയിലും ഉത്തരകൊറിയയുമായി സൈനികസഹകരണത്തിന് സാധ്യത കാണുന്നതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമർ പുതിന്‍ പ്രതികരിച്ചത്.

സൈനിക വിഷയങ്ങളും യുക്രൈന്‍ യുദ്ധവും ഉത്തരകൊറിയയുടെ ഉപഗ്രഹപദ്ധതിക്കുള്ള സഹായവുമടക്കം വിഷയങ്ങള്‍ ചര്‍ച്ചയായി. അമുറിലെ വിമാനനിര്‍മാണശാലകളും വ്‌ലാഡിവൊസ്റ്റോക്കിലെ റഷ്യന്‍ പടക്കപ്പലുകളും കിം കണ്ടു. വൊസ്റ്റോച്നി ബഹിരാകാശനിലയം സന്ദര്‍ശിച്ച കിം ‘റോക്കറ്റ് എന്‍ജിനിയറിങ്ങില്‍ താല്പര്യം പ്രകടിപ്പിച്ചു.

ഉത്തരകൊറിയയുമായുള്ള സൈനികസഹകരണത്തെക്കുറിച്ച് സൂചനല്‍കിയെങ്കിലും വിശദാംശങ്ങള്‍ പുതിന്‍ വെളിപ്പെടുത്തിയില്ല. ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചാവേളയില്‍ റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ഗെയി ഷൊയിഗുവും സന്നിഹിതനായിരുന്നു. ആയുധക്കൈമാറ്റ കാര്യത്തില്‍ ധാരണയായോ എന്നതിൽ വ്യക്തതയില്ല.

ഉത്തര കൊറിയയുമായുള്ള റഷ്യയുടെ ആയുധ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുകയാണെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മും പുതിനും തങ്ങളുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തുന്നത്. വൊസ്റ്റോച്നിയിലെ ചര്‍ച്ചയുടെ അജണ്ട എന്താണെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെങ്കിലും ഒന്ന് വ്യക്തമാണ്, ഉത്തരകൊറിയയേക്കാള്‍ ഈ ഘട്ടത്തില്‍ ഒരു സഹകരണം റഷ്യ ആഗ്രഹിക്കന്നുണ്ട്.

യുക്രൈന്‍ യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കിയേക്കുമെന്ന സംശയം അമേരിക്കയ്ക്കുണ്ട്. കഴിഞ്ഞ വര്‍ഷവും ഉത്തരകൊറിയ റഷ്യയ്ക്ക് ആയുധങ്ങള്‍ രഹസ്യമായി നല്‍കിയതായി വൈറ്റ് ഹൗസ് ആരോപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആയുധ കയറ്റുമതി അടുത്തിടെ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വാഭാവികമായും റഷ്യതന്നെയാണ് ഉത്തരകൊറിയന്‍ ആയുധങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

റഷ്യയ്ക്ക് യുദ്ധ സാമഗ്രികളുടെ അടിയന്തിര ആവശ്യമുണ്ടെന്നും അതുകൊണ്ട് മാത്രമാണ് അവരുടെ പ്രതിരോധ മന്ത്രി സെര്‍ഗെ ഷൊയിഗു (Sergei Shoigu) ഉത്തരകൊറിയപോലെ ഒരു ചെറിയ രാജ്യം സന്ദശിച്ചതെന്നും ഇരുരാജ്യങ്ങളിലേയും സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.