1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2022

സ്വന്തം ലേഖകൻ: അഭ്യൂഹങ്ങൾക്കു വിരാമമിട്ട് യുഎസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി തയ്‌വാനിൽ വിമാനമിറങ്ങി. ഏഷ്യ സന്ദർശനത്തിന്റെ അവസാനഘട്ടമായി, ഇന്നലെ വൈകിട്ട് പെലോസി തയ്‌വാനിലെത്തിയത് ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തി.

പെലോസിയുടെ സന്ദർശനത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ചൈന ആവർത്തിച്ചു. ചൈനയുടെ ആഭ്യന്തരവിഷയത്തിൽ യുഎസ് ഇടപെടരുതെന്നും ആവശ്യപ്പെട്ടു. മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് പെലോസിയുടെ സന്ദർശനം. തയ്‌വാൻ പ്രസിഡന്റ് സായ് ഇങ്‍വെൻ ഉൾപ്പെടെ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്നു മടങ്ങും.

ജനാധിപത്യത്തിനു പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന് പെലോസി അറിയിച്ചു. ഇന്ത്യ–പസിഫിക് മേഖലയിലെ സമാധാന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎസിന്റെ പിന്തുണയുണ്ടെന്നും അവർ പറഞ്ഞു.

കൂടാതെ പെലോസി തായ്‌വാൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു. ‘ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്’ എന്നാണ് നാൻസി പെലോസി പ്രസംഗത്തിൽ തായ്‍വാനെ വിശേഷിപ്പിച്ചത്. തായ്‍വാൻ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവർത്തകരുമായും നാൻസി പെലോസി കൂടിക്കാഴ്ച നടത്തി.

തായ്‍വാൻ കടലിലെ തൽസ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നതെന്ന് അഭിപ്രായപ്പെട്ട പെലോസി, താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‍വാൻ സന്ദർശിക്കുന്നത് അമേരിക്ക നിങ്ങൾക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണെന്നും വ്യക്തമാക്കി.

നാൻസി പെലോസിയുടെ തായ്‍വാൻ സന്ദർശനം ചൈനയെ പ്രകോപിപ്പിച്ച പശ്ചാത്തലത്തിൽ ബൈജിങ്ങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു. ചെയ്യുന്ന അബദ്ധങ്ങൾക്ക് വലിയ വില നൽകേണ്ടി വരുമെന്നും, തായ്‍വാൻ വിഷയത്തെ തങ്ങൾക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നാൻസി പെലോസി തായ്‍വാൻ പാർലമെന്‍റിൽ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചുവരുത്തിയത്.

പെലോസി തായ്‍വാൻ സന്ദർശിച്ചതിന് പിന്നാലെ പോർവിമാനങ്ങൾ വിന്യസിച്ച് ചൈനയുടെ മുന്നറിയിപ്പ്. 20ലേറെ ചൈനീസ് പോർവിമാനങ്ങൾ തായ്‍വാൻ വ്യോമപ്രതിരോധ മേഖലയിൽ കടന്ന് പ്രകോപനം സൃഷ്ടിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധസജ്ജരായിരിക്കാൻ തായ്‍വാൻ സ്വന്തം സൈനികർക്ക് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലുള്ള നാല് യുദ്ധക്കപ്പലുകൾ അതിർത്തിയിൽ അണിനിരത്തി യു.എസും പ്രത്യാക്രമണ സൂചന നൽകുന്നു.

ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി യു.എസാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു.1.4 ബില്യൻ ചൈനീസ് പൗരൻമാരെ ശത്രുക്കളാക്കിയിരിക്കുകയാണ് യു.എസ്. ചൈനയെ വെല്ലുവിളിച്ച് യു.എസ് നടത്തുന്ന ഈ നീക്കം നല്ലരീതിയിൽ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.