1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015

സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇന്ന് യുഎഇയില്‍, 1981 നു ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വിമാനമിറങ്ങുന്ന മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തുന്നത്. 1981 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുഎഇയില്‍ എത്തുന്നതെന്നതിനാല്‍ മോദിയുടെ സന്ദര്‍ശനത്തിന് നയതന്ത്ര പ്രാധാന്യം ഏറെയാണ്.

മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയില്‍ പ്രവാസികളായുള്ളതെന്നാണ് കണക്ക്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രണ്ടു തവണ യുഎഇ സന്ദര്‍ശിക്കാന്‍ തയാറെടുത്തിരുന്നുവെങ്കിലും വിവിധ കാരണങ്ങളാല്‍ സന്ദര്‍ശനങ്ങള്‍ മാറ്റി വയ്ക്കുകയായിരുന്നു. രാഷ്ട്രപതിമാരായ എ.പി.ജെ.അബ്ദുല്‍ കലാം 2003 ലും പ്രതിഭാ പാട്ടീല്‍ 2010 ലും ഇവിടം സന്ദര്‍ശിച്ചു. 2010 ല്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

അബുദാബിയിലെത്തുന്ന പ്രധാനമന്ത്രി അബുദാബി കിരീടാവകാശി യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. അബുദാബിയില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണവുമുണ്ടാകും. അബുദാബിയിലെ ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷമായിരിക്കും ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് പ്രധാനമന്ത്രി ലേബര്‍ ക്യാംപുകള്‍ സന്ദര്‍ശിക്കുക.

തിങ്കളാഴ്ച ദുബായില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം ആയി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. സാമ്പത്തിക, വാണിജ്യ, പ്രതിരോധ സഹകരണം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങള്‍ ഈ സന്ദര്‍ശന വേളയില്‍ ചര്‍ച്ചയാകും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്ക് നിക്ഷേപമാകര്‍ഷിക്കാന്‍ യുഎഇയിലെ പ്രമുഖ വ്യവസായികളെയും മോദി കാണും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.