1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2022

സ്വന്തം ലേഖകൻ: ഉസ്ബെക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ പരസ്പരം സഹകരണത്തിനായി യോജിച്ചു പ്രവർത്തിക്കാൻ ചൈനയും റഷ്യയും തമ്മിൽ ധാരണയിലെത്തി. കോവിഡ് 19 മഹാമാരിയ്ക്കു ശേഷം നടക്കുന്ന ആദ്യ ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സഖ്യം. ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളും റഷ്യയും കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തജിക്കിസ്ഥാൻ തുടങ്ങിയ മധ്യേഷ്യൻ രാജ്യങ്ങളും ചേർന്നതാണ് ഷാങ്ഹായ് ഉച്ചകോടി. സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പോയിരുന്നു.

വിവിധ മേഖലകളിൽ ചൈനയുടെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നതാണ് റഷ്യൻ നിലപാട് എന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തൽ. യുക്രൈൻ യുദ്ധത്തിൻ്റെ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും യുഎസിൽ നിന്നും കൂടുതൽ അകന്ന റഷ്യ പുതിയ ചങ്ങാത്തം തേടുന്ന തിരക്കിലാണ്. വൻശക്തികൾ എന്ന നിലയിൽ റഷ്യയുമായി ചേർന്നു പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും നിലവിലെ ആഗോള പ്രശ്നങ്ങൾക്കിടയിൽ ചാലകശക്തിയായി പ്രവർത്തിക്കാൻ ചൈനയ്ക്ക് സാധിക്കുമെന്നും പ്രസിഡൻ്റ് ഷി ജിൻപിങ് യോഗത്തിൽ വ്യക്തമാക്കി. കോവിഡ് 19ൻ്റെ ആഘാതം പിന്നിട്ടു കൊണ്ടിരിക്കുകയാണെന്നും പല വട്ടം ഫോണിൽ പുടിനുമായി ഫോണിൽ സംസാരിച്ചെന്നും നിർണായകമായ പല ചർച്ചകളും നടത്തിയെന്നും ഷി ജിൻപിങ് വ്യക്തമാക്കി.

ഉച്ചകോടിയ്ക്കായി കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ സമർകണ്ടിലെത്തിയ ചൈനീസ് പ്രസിഡൻ്റ് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷൗക്കത്ത് മി‍ർസിയോയുമായി ച‍ർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കും ഗുണകരമായ ആഭ്യന്തര, അന്താരാഷ്ട്ര കാര്യങ്ങളിൽ പരസ്പരം സഹകരിക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.

അതേസമയം, മേഖലയിലെ രാജ്യങ്ങളുമായി ബന്ധം ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ പരിപാടിയിലെ ശ്രദ്ധേയസാന്നിധ്യമായ ഷി ജിൻപിങിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷിതമായി അകലം പാലിച്ചു. ഗ്രൂപ്പ് ഫോട്ടോയുടെ വേളയിലടക്കം ഇരുനേതാക്കളുടെയും സ്ഥാനം അടുത്തടുത്തായിരുന്നെങ്കിലും ഇരുനേതാക്കളും തമ്മിൽ സമ്പ‍ർക്കമുണ്ടായില്ല. കിഴക്കൻ ലഡാഖിൽ ചൈന നടത്തിയ പ്രകോപനത്തിനു ശേഷം ഇതാദ്യമായാണ് ഇരുനേതാക്കളും തമ്മിൽ വേദി പങ്കിടുന്നത്.

മോദിയ്ക്കു പുറമെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഉൾപ്പെടയുള്ള രാഷ്ട്രത്തലവന്മാരും ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമി‍ർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലും വിവിധ വിഷയങ്ങളിൽ ച‍ർച്ച നടന്നു. ഇന്ത്യയിൽ ഈ വർഷം 7.5 ശതമാനം വള‍ർച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും ലോകത്തെ നി‍ർമാണ ഹബ്ബായി വളരുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി മോദി ഉച്ചകോടിയിൽ പറഞ്ഞു. ഇത് യുദ്ധത്തിൻ്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമി‍ർ പുടിനെ ഓർമിപ്പിച്ചു. ഭക്ഷ്യസുരക്ഷയ്ക്കും ഇന്ധനലഭ്യതയ്ക്കുമാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.