1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2023

സ്വന്തം ലേഖകൻ: ആര്‍ട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ വെള്ളിയാഴ്ച അറിയിച്ചു. ആര്‍ട്ടെമിസ് ദൗത്യത്തിലെ ആദ്യ മനുഷ്യയാത്ര ആണിത്. ചന്ദ്രനില്‍ ദീര്‍ഘകാല മനുഷ്യസാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ ആര്‍ട്ടെമിസ് ദൗത്യം ആസൂത്രണം ചെയ്തിരിക്കുന്നത്.

ആര്‍ട്ടെമിസ്-2 ദൗത്യത്തില്‍ നാസയുടെ മൂന്ന് സഞ്ചാരികളും കനേഡിയന്‍ സ്‌പേസ് എജന്‍സിയുടെ ഒരു സഞ്ചാരിയുമാണ് ചന്ദ്രനിലേക്ക് പുറപ്പെടുക. 22 ലക്ഷം കിമീ ദൈര്‍ഘ്യമുള്ള യാത്രയായിരിക്കും ഇത്. നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെ സഹായത്തോടെ ഓറിയോണ്‍ പേടകത്തിലായിരിക്കും ചന്ദ്രനിലേക്കുള്ള യാത്ര. 10 ദിവസം ദൈര്‍ഘ്യമുള്ള ഈ ദൗത്യത്തില്‍ ഓറിയോണ്‍ പേടകം മനുഷ്യയാത്രയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്ന് പരിശോധിക്കപ്പെടും.

ആര്‍ട്ടെമിസ് 1 ദൗത്യത്തില്‍ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റെയും ഓറിയോണ്‍ പേടകത്തിന്റെയും വിക്ഷേപണ ശേഷിയും കാര്യക്ഷമതയും പരിശോധിക്കപ്പെട്ടു. അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്കുള്ള ആദ്യ മനുഷ്യയാത്രയായിരിക്കും ആര്‍ട്ടെമിസ് 2.

എന്നാല്‍ ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ പേടകം ചന്ദ്രനില്‍ ഇറങ്ങില്ല. പകരം ചന്ദ്രനെ ചുറ്റി തിരികെ ഇറങ്ങുകയാണ് ചെയ്യുക. ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ പുറപ്പെടുന്ന യാത്രികരാണ് അപ്പോളോ പദ്ധതിക്ക് ശേഷം വീണ്ടും ചന്ദ്രനില്‍ കാലുകുത്തുക. ഇതില്‍ ഒരു വനിതയും ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.