1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2021

സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യ വാഹനമായ പെര്‍സിവിയറന്‍സ് ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള കാര്‍ബണ്‍ ഡൈ ഓക്‌സൈഡില്‍ നിന്ന് ഓക്‌സിജന്‍ ഉത്പാദിപ്പിച്ചു. ഭൂമിയ്ക്ക് പുറത്തുള്ള ഒരു ഗ്രഹത്തില്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയിച്ചതോടെ മറ്റൊരു ചരിത്രനേട്ടവും കൂടി നാസയുടെ ചൊവ്വാദൗത്യത്തിന് സ്വന്തം. ഭാവിയിലെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്ക് ഈ നേട്ടം പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തല്‍.

ബഹിരാകാശ യാത്രികര്‍ക്ക് ശ്വസനത്തിനാവശ്യമായ ഓക്‌സിജന്‍ മാത്രമല്ല റോക്കറ്റ് പ്രൊപ്പലന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിജന്‍ കൂടി ഇത്തരത്തില്‍ ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശ യാത്രകള്‍ക്കാവശ്യമായ ഓക്‌സിജന്‍ ഭൂമിയില്‍ നിന്ന് കൊണ്ടു പോകുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.

മോക്‌സി(MOXIE) എന്ന The Mars Oxygen In-Situ Resource Utilization Experiment ഒരു കാര്‍ ബാറ്ററിയുടെ വലിപ്പമുള്ള സ്വര്‍ണാവരണമുള്ള പെട്ടിയാണ്. പെര്‍സിവിയറന്‍സ് റോവറിന്റെ മുന്‍ഭാഗത്ത് വലതുവശത്തായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതി ഉപയോഗിച്ച് രാസപ്രവർത്തനത്തിലൂടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് തന്മാത്രകളെ കാര്‍ബണ്‍ ആറ്റവും ഓക്‌സിജന്‍ ആറ്റങ്ങളുമായി വിഘടിപ്പിക്കുകയാണ് മോക്‌സി ചെയ്യുന്നത്. വിഘടനത്തിന്റെ ഉപോത്പന്നമായി കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടാകും.

അഞ്ച് ഗ്രാം ഓക്‌സിജനാണ് മോക്‌സി ആദ്യത്തെ തവണ ഉത്പാദിപ്പിച്ചത്. സാധാരണയായി ഒരു ബഹിരാകാശയാത്രികന് പത്ത് മിനിറ്റ് സമയത്തേക്ക് ശ്വസനത്തിനാവശ്യമായി വരുന്ന അളവാണിത്. മണിക്കൂറില്‍ പത്ത് ഗ്രാം ഓക്‌സിജന്‍ ഉത്പാദിപ്പിക്കാവുന്ന തരത്തിലാണ് മോക്‌സിയുടെ രൂപകല്‍പന. ഉയര്‍ന്ന താപനില അതിജീവിക്കാന്‍ ശേഷിയുള്ള നിക്കല്‍ അയിര് പോലെയുള്ള വസ്തുക്കളുപയോഗിച്ചാണ് മോക്‌സിയുടെ നിര്‍മാണം. ഇതിന്റെ നേരിയ സ്വര്‍ണ ആവരണം താപനിലയിലുണ്ടാകുന്ന വ്യത്യാസം റോവറിന് ഹാനികരമാകാതെ സംരക്ഷിക്കും.

ചൊവ്വോപരിതലത്തിലെ മഞ്ഞുപാളികളില്‍ നിന്ന് ഓക്‌സിജന്‍ നിര്‍മിക്കുന്നതിനേക്കാള്‍ എളുപ്പവും പ്രായോഗികവുമാണ് 96 ശതമാനവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്നുള്ള ഓക്‌സിജന്‍ ഉത്പാദനം. ഫെബ്രുവരി 18 നാണ് പെര്‍സിവിയറന്‍സ് ചൊവ്വയിലിറങ്ങിയത്. ചൊവ്വയില്‍ നിന്ന് ശബ്ദങ്ങളും ദൃശ്യങ്ങളും റോവര്‍ ഇതിനോടകം ഭൂമിയിലേക്ക് അയച്ചു. കൂടാതെ ചൊവ്വയില്‍ ചെറു ഹെലികോപ്ടര്‍ പറത്താനും നാസയുടെ ചൊവ്വാദൗത്യത്തിന് സാധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.