1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2018

സ്വന്തം ലേഖകന്‍: സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ. സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകവുമായി ജൂലായ് 31 ന് റോക്കറ്റ് യാത്രതിരിക്കും. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ 4 എന്ന ശക്തിയേറിയ റോക്കറ്റിലാണ്. സൂര്യന്റെ കൊറോണ ( സൂര്യന്റെ പുറം പാളി) യെപ്പറ്റി പഠിക്കാനാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം.

ഇന്നേവരെ മനുഷ്യനിര്‍മിതമായ ഏതൊരു വസ്തുവിനേക്കാളും സൂര്യനോട് ഏറ്റവുമടുത്തായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഭ്രമണം ചെയ്യുക. സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരിക്കും പേടകം വിക്ഷേപിക്കുക. ഏഴുവര്‍ഷം കാലാവധിയാണ് ദൗത്യത്തിനുള്ളത്.

സൂര്യന്റെ പുറം പാളിയെക്കുറിച്ച് പഠിക്കാനും കാലങ്ങളായി നക്ഷത്രങ്ങളുടെ ഭൗതിക നിയമങ്ങളെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ ഒരുപാട് സംശയങ്ങള്‍ക്ക് ഉത്തരം തേടാനും കൂടിയാണ് ദൗത്യം. ഇത്രയും അടുത്തുള്ള ഭ്രമണപഥത്തില്‍ വെച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാന്‍ കഴിയുന്ന താപ പ്രതിരോധ കവചമാണ് ഇതില്‍ സ്ഥാപിക്കുക. അതി ശക്തമായ ചൂടും സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ പേടകത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ഗ്രഹങ്ങളിലെ കാലാവസ്ഥയെ സൗരവാതങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നുവെന്നും കണ്ടെത്താന്‍ സാധിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. അടുത്ത കുറച്ച് മാസങ്ങള്‍കൊണ്ട് ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി പേടകത്തെ വിക്ഷേപണത്തിന് സജ്ജമാക്കും. പാര്‍ക്കര്‍ പേടകത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഭാവിയില്‍ ബഹിരാകാശ സഞ്ചാരികള്‍, കൃത്രിമോപഗ്രഹങ്ങള്‍ എന്നിവയുടെ സുരക്ഷയെപ്പറ്റിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.