1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2022

സ്വന്തം ലേഖകൻ: യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധം 6 മാസം പിന്നിടുന്ന വേളയിൽ സംഭവിച്ച ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ് ഡാര്യ ഡുജിനയുടെ കൊലപാതകം. ‘പുട്ടിന്റെ റാസ്പുട്ടിൻ’ എന്നറിയപ്പെടുന്ന വ്ലാഡിമിർ പുട്ടിന്റെ ഏറ്റവും അടുത്ത ഉപദേശകനും അഭ്യുദയകാംക്ഷിയുമായ അലക്സാണ്ടർ ഡുജിന്റെ പുത്രിയാണ് ഡാര്യ. കാർ ബോംബ് സ്ഫോടനത്തിലൂടെ ഡാര്യയെ ഇല്ലാതെയാക്കിയത് ക്രെംലിനിലെ മണൽത്തരികളെപ്പോലും വിറപ്പിച്ചിരിക്കുകയാണ്.

പുട്ടിന് മേൽ നിർണായകമായ സ്വാധീനം പുലർത്തുന്ന അലക്സാണ്ടറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും ഡാര്യ ഇതിൽപെടുകയായിരുന്നു എന്നുമാണ് പൊതുവെ കരുതപ്പെടുന്നത്. കാർ സീറ്റിന്റെ അടിയിൽ 800 ഗ്രാം ഭാരം വരുന്ന സ്ഫോടകവസ്തു സ്ഥാപിച്ചാണ് സ്ഫോടനം നടത്തിയത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം യുക്രൈനിലേക്കാണു നീളുന്നത്. എന്നാൽ യുക്രൈൻ ഇതിന്റെ ഉത്തരവാദിത്വം നിരാകരിക്കുന്നു. ആരാകാം ഡാര്യയെ വധിച്ചതെന്ന ചോദ്യത്തിനു പല ഉത്തരങ്ങളും ഉയരുന്നുണ്ട്. ഇതിൽ പ്രബലമാണ് നടാലിയ വോവ്കിന്റേത്. ഡാര്യയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചത് നടാലിയ വോവ്കാണെന്ന അഭ്യൂഹം റഷ്യയിൽ പലയിടങ്ങളിൽ നിന്നായി ഉയരുന്നുണ്ട്.

ഇപ്പോൾ യുക്രൈനൊപ്പമുള്ള നവനാത്സി ആഭിമുഖ്യം പുലർത്തുന്ന ആസോവ് ബറ്റാലിയൻ സേനയിൽ ഉൾപ്പെട്ടതാണ് നടാലിയ എന്നാണു റഷ്യൻ ഭാഷ്യം. എന്നാൽ ആസോവ് ബറ്റാലിയൻ ഇതു നിഷേധിക്കുന്നു. യുക്രൈനിലെ ഡോനെറ്റ്സ്ക് മേഖലയിലുള്ള മരിയുപ്പോൾ നഗരത്തിൽ 1976ലാണു നടാലിയ ജനിച്ചതെന്നാണ് റഷ്യൻ ചാരസംഘടനായ എഫ്എസ്ബി പറയുന്നത്. യുക്രൈൻ സോവിയറ്റ് യൂണിയന്റെ ഭാഗമായി നിന്ന കാലയളവായിരുന്നു അത്. മരിയുപ്പോൾ നഗരം ഇന്ന് ആസോവ് ബറ്റാലിയന്റെ ആസ്ഥാനമാണ്.

നടാലിയ റഷ്യയിലേക്ക് ഒരു ചാരവനിതയായി ജൂലൈയിൽ കടന്നുകയറിയെന്നാണ് റഷ്യൻ അഭ്യൂഹങ്ങൾ. ഒരു കാറിലായിരുന്നത്രേ യുക്രൈനിൽ നിന്നു വരവ്. ഡോനെറ്റ്സ്ക് മേഖല റഷ്യൻ അനുകൂല മേഖലയാണ്. ഇവിടത്തെ ആളുകൾക്ക് റഷ്യ വീസയില്ലാതെ പ്രവേശനവും നൽകാറുണ്ട്. ഈ സൗകര്യം ഉപയോഗപ്പെടുത്തിയായിരുന്നു നടാലിയ വന്നതെന്ന് റഷ്യൻ വൃത്തങ്ങൾ പറയുന്നു.

പിന്നീട് മോസ്കോയിൽ വന്ന നടാലിയ അലക്സാണ്ടർ ഡുജിനും കുടുംബവും താമസിച്ച അപ്പാർട്മെന്റിനു സമീപം താമസമുറപ്പിച്ചു. രണ്ടുമാസത്തോളം ഇവരെ നിരീക്ഷിച്ചു. നടാലിയ തന്റെ കുട്ടികളെയും റഷ്യയിൽ കൊണ്ടുവന്നിരുന്നു.ഡുജിനയുടെ മരണത്തിനിടയാക്കിയ സ്ഫോടനം പദ്ധതിയിട്ടു നടത്തിയ ശേഷം നടാലിയ എസ്റ്റോണിയയിലേക്കു രക്ഷപ്പെട്ടെന്നാണ് റഷ്യ പറയുന്നത്. നടാലിയയുടെ കാര്യം ആസോവ് ബറ്റാലിയൻ നിഷേധിച്ചിട്ടുണ്ട്. അത്തരമൊരു റാങ്കിൽ പോരാടുന്ന വനിതകൾ തങ്ങളുടെ സൈന്യത്തിലില്ലെന്നാണ് ആസോവ് ബറ്റാലിയൻ പറയുന്നത്. റഷ്യ കെട്ടിച്ചമച്ച കഥകളുമായി വ്യാജപ്രചാരണം നടത്തുകയാണെന്നും അവർ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.