1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2021

സ്വന്തം ലേഖകൻ: അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു വിതരണം ചെയ്തു. പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച മരക്കാർ-അറബിക്കടലിന്റെ സിംഹം ആണ് മികച്ച ചിത്രം. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലൻ സിനിമയുടെ സംവിധായകൻ മാത്തുക്കുട്ടി സേവിയറും മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം റിജി നായരും ഏറ്റുവാങ്ങി. ഇക്കുറി നിരവധി പുരസ്‌കാരങ്ങളാണ് മലയാള സിനിമയ്‌ക്ക് ലഭിച്ചത്.

ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം കങ്കണ റണാവത്ത് ഏറ്റുവാങ്ങി. മണികർണ്ണിക- ദി ക്വീൻ ഓഫ് ഝാൻസി, പങ്ക എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് കങ്കണയ്‌ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേർ ചേർന്ന് പങ്കിട്ടു. തമിഴ് ചിത്രം അസുരനിലെ പ്രകടനത്തിന് ധനുഷും ഹിന്ദി ചിത്രം ഭോസ്ലെയിലെ അഭിനയത്തിന് മനോജ് വാജ്‌പെയുമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.

തെലുങ്ക് ചിത്രം മഹർഷിയാണ് ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിയും മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഹിന്ദി നടി പല്ലവി ജോഷിയും ഏറ്റുവാങ്ങി. തമിഴ് ചിത്രം ഒത്ത സെരുപ്പ് സൈസ് 7ലൂടെ മികച്ച റീ-റെക്കോർഡിസ്റ്റിനുള്ള പുരസ്‌കാരം റസൂൾ പൂക്കുട്ടിക്ക് ലഭിച്ചു. മലയാള ചിത്രം ബിരിയാണിയുടെ സംവിധായകൻ പ്രത്യേക പരാമർശനത്തിനും അർഹനായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.