1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2018

സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് വര്‍ണ വിവേചനം ഉണ്ടായിരുന്നു,’ തെറ്റ് ഏറ്റു പറഞ്ഞ് നാഷണല്‍ ജ്യോഗ്രഫിക് മാസിക. മാസികയുടെ പ്രസാധക ചരിത്രത്തില്‍ പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നത് എഡിറ്റര്‍ ഇന്‍ ചീഫായ സൂസന്‍ ഗോള്‍ഡ്ബര്‍ഗാണ്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പത്രാധിപ!ര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയും ആദ്യ ജൂതയുമാണ് സൂസന്‍.

”ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു. ആ ചരിത്രത്തിനപ്പുറം വളരാന്‍ ഞങ്ങള്‍ക്ക് തെറ്റ് അംഗീകരിച്ചേ മതിയാകൂ”: സൂസന്‍ ഗോള്‍ഡ് ബ!ര്‍ഗ് പറയുന്നു. 1888ലാണ് നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പ്രസിദ്ധീകരണം തുടങ്ങുന്നത്. അന്നുതൊട്ടിന്നോളം മുസ്ലീങ്ങളോട്, ലാറ്റിനമേരിക്കക്കാരോട്, റെഡ് ഇന്ത്യക്കാരോട് അങ്ങനെ വിവിധ ജനവിഭാഗങ്ങളോട് ബോധപ്പൂര്‍വ്വമായും അല്ലാതെയും മാസിക വിവേചനം കാണിച്ചതായി എഡിറ്റര്‍ ഇന്‍ ചീഫ് സമ്മതിക്കുന്നു.

ഏപ്രില്‍ ലക്കത്തില്‍ വര്‍ണ്ണവിവേചനം മുഖ്യ പ്രമേയമാക്കാനാണ് പത്രാധിപസമിതി തീരുമാനിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ തെറ്റുകള്‍ തെരയുന്നതിന് പകരം ആദ്യം കടന്നുവന്ന വഴികളിലെ തെറ്റുകള്‍ ഏറ്റുപറയാന്‍ അവര്‍ തീരുമാനിച്ചു. സ്വന്തം തെറ്റുകള്‍ കണ്ടെത്താന്‍ ചരിത്രകാരന്‍മാരുടേയും നരവംശ ശാസ്ത്രജ്ഞരുടേയും ഒരു സമിതിയെ അവര്‍ നിയോഗിച്ചു.

1970കള്‍ വരെ അമേരിക്കയിലെ ആദിമ വിഭാഗങ്ങളെ അപരിഷ്‌കൃതരായും അസ്വാഭാവിക പ്രകൃതമുള്ളവരായുമാണ് ചിത്രീകരിച്ചതെന്ന് മാസിക സ്വയം വിമര്‍ശനപരമായി വിലയിരുത്തി. വെള്ളക്കാരായ അമേരിക്കക്കാരുടെ സംസ്‌കാരത്തിന് അപ്പുറമുള്ള സംസ്‌കാരിക പരിസരങ്ങളെ കാര്യമായി തങ്ങള്‍ പരിഗണിച്ചിരുന്നില്ല. കറുത്ത വര്‍ഗ്ഗക്കാരെയും മറ്റ് ഗോത്ര സംസ്‌കാരങ്ങളെയും സംബന്ധിച്ച് ടാര്‍സന്‍ സീരീസുകള്‍ പോലെയുള്ള ജനപ്രിയ പരമ്പരകള്‍ സൃഷ്ട്രിച്ച വ്യാജ പ്രതിനിധാനങ്ങള്‍ തിരുത്താന്‍ തങ്ങള്‍ക്ക് ആകുമായിരുന്നു. പക്ഷേ ചെയ്തില്ല.

1916ല്‍ തങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഇപ്പോള്‍ വായിച്ചാല്‍ തരിച്ചിരുന്നുപോകുമെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് സൂസന്‍ ഏറ്റവും പുതിയ ലക്കത്തില്‍ എഴുതുന്നു. കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് പേരുടെ ചിത്രങ്ങള്‍ക്ക് കൊടുത്ത അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ദക്ഷിണാഫ്രിക്കയിലെ കറുമ്പര്‍, മനുഷ്യവംശത്തില്‍ ഏറ്റവും ബുദ്ധി കുറവ് ഈ അപരിഷ്‌കൃതര്‍ക്കാണ്‍’

1962ല്‍ വര്‍ണ്ണവെറിയന്‍മാരായ ദക്ഷിണാഫ്രിക്കന്‍ പൊലീസ് 69 കറുത്ത വര്‍ഗ്ഗക്കാരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തിന് ശേഷം പുറത്തിറങ്ങിയ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്‍ ആ സംഭവം പരാമര്‍ശിച്ചുകൂടിയില്ല. കറുത്തവരുടെ ശബ്ദങ്ങള്‍ക്ക് ഞങ്ങള്‍ കാത് കൊടുത്തില്ല. ഞങ്ങളുടെ എഡിറ്റര്‍!മാരും ലേഖകരും ഫോട്ടോഗ്രാഫര്‍മാരുമൊന്നും കറുത്തവരെ കണ്ടില്ല. ഇത്തരത്തില്‍ മനുഷ്യരെ വിവേചനപരമായി കാണുന്ന കാര്യത്തില്‍ ഇന്നോളം പറ്റിയ തെറ്റുകള്‍ ഏറ്റവും പുതിയ ലക്കത്തില്‍ ഏറ്റുപറയുകയാണ് നാഷണല്‍ ജിയോഗ്രഫഫിക് മാസികയുടെ മുഖ്യ പത്രാധിപര്‍. ഇനി വരുന്ന കാലത്ത് തന്റെ സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് ഈ അവസ്ഥ വരില്ലെന്ന് സൂസന്‍ ഗോള്‍ഡ്ബര്‍ഗ് ഉറപ്പിച്ചു പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.