1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച. 65 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഏഴിനു കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കു 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ നടത്തും.

ഒരു മാസം മുമ്പാണു പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെത്തുടര്‍ന്നാണ് കഴിഞ്ഞ 11ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിന്റെ സഹായം ഏര്‍പ്പെടുത്തിയിരുന്നു.

1952 മാര്‍ച്ച് 20നായിരുന്നു ജനനം. കുറിച്ചിത്താനം കെ.ആര്‍. നാരായണന്‍ ഗവ. എല്‍.പി. സ്‌കൂള്‍, കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റായിരുന്നു.

പിന്നീട്, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളെത്തുടര്‍ന്നു വയലാര്‍ രവി, പി.സി. ചാക്കോ, എ.കെ. ആന്റണി തുടങ്ങിയവര്‍ക്കൊപ്പം കോണ്‍ഗ്രസ് എസിലെത്തി. ഇവരെല്ലാം കോണ്‍ഗ്രസിലേക്കു മടങ്ങിയെങ്കിലും ഉഴവൂര്‍ വിജയന്‍ കോണ്‍ഗ്രസ് എസില്‍ തുടര്‍ന്നു. 1999 ല്‍ എന്‍.സി.പി.
രൂപവത്കരിച്ചപ്പോള്‍ ശരദ് പവാറിനൊപ്പമായി. രണ്ടു തവണ കോട്ടയം ജില്ലാ കൗണ്‍സിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.

2001ല്‍ പാലായില്‍ കെ.എം. മാണിക്കെതിരെ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും 23,790 വോട്ടിനു പരാജയപ്പെട്ടു. വികലാംഗ ക്ഷേമബോര്‍ഡ് ചെയര്‍മാന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം, എഫ്.സി.ഐ. ഉപദേശകസമിതിയംഗം, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എന്‍.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐ.എന്‍.എല്‍.പിയുടെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായത്തൊഴിലാളി ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2015ലാണ് എന്‍.സി.പി സംസ്ഥാന അധ്യക്ഷനായത്. നേരത്തെ പാര്‍ട്ടി സംസ്ഥാന ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കുറിച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏക മകനാണ്. വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മ (റിട്ട. അധ്യാപിക)യാണു ഭാര്യ. മക്കള്‍: വന്ദന (എം.ഡി.എസ്. വിദ്യാര്‍ഥിനി, എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റി, ചെന്നൈ), വര്‍ഷ (ബിരുദ വിദ്യാര്‍ഥിനി, സെന്റ് സ്റ്റീഫന്‍സ് കോളജ്, ഉഴവൂര്‍).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.