സ്വന്തം ലേഖകന്‍: ചെങ്കോട്ടയായ ത്രിപുര പിടിച്ച് ബിജെപി; 25 വര്‍ഷത്തെ ഇടതു ഭരണം അവസാനിച്ചു; നാഗാലാന്‍ഡിലും ബിജെപി സഖ്യം; മേഘാലയയില്‍ കോണ്‍ഗ്രസിന് നേട്ടം. ത്രിപുരയില്‍ ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടിയപ്പോള്‍ നാഗാലാന്‍ഡില്‍ ബിജെപി സഖ്യം ഭരണത്തിലേറുമെന്ന് ഉറപ്പായി. മേഘാലയയിലെ ചിത്രത്തിന് വ്യക്തത വന്നിട്ടില്ല. ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത ഇവിടെ തൂക്കുനിയമസഭ വരുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയേക്കും. 60 നിയമസഭാ സീറ്റുകളുള്ള മൂന്ന് സംസ്ഥാനങ്ങളിലും 31 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.
25 വര്‍ഷം നീണ്ട സിപിഐഎം ഭരണത്തിന് അന്ത്യം കുറിച്ചാണ് ബിജെപി ത്രിപുരയില്‍ ഭരണത്തിലേറിയിരിക്കുന്നത്. 60 അംഗനിയമസഭയില്‍ 59 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. 59 സീറ്റുകളില്‍ ബിജെപിഐപിഎഫ്ടി സഖ്യം 41 സീറ്റുകള്‍ കരസ്ഥമാക്കി. ബിജെപി തനിച്ച് ഭൂരിപക്ഷം നേടി എന്നതാണ് എടുത്തുപറയേണ്ട വസ്തുത. ഒരു അടിത്തറയും ഇല്ലാതിരുന്ന സംസ്ഥാനത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശക്തി തെളിയിച്ചിരിക്കുകയാണ് ബിജെപി. ഇടതുപക്ഷം 19 സീറ്റുകളില്‍ ഒതുങ്ങി. ഒന്‍പത് സീറ്റുകളില്‍ മത്സരിച്ച ഐപിഎഫ്ടി എട്ട് സീറ്റുകളിലും വിജയം കരസ്ഥമാക്കി. ഗോത്രമേഖലകളില്‍ ഐപിഎഫ്ടി നടത്തിയ മുന്നേറ്റം ബിജെപി സഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. കഴിഞ്ഞ തവണ 10 സീറ്റുകളും 36 ശതമാനം വോട്ടുകളും നേടിയ കോണ്‍ഗ്രസ് ഇത്തവണ വെറും ഒന്നര ശതമാനം വോട്ടില്‍ മാത്രം ഒതുങ്ങി.
60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിഎന്‍ഡിപിപി സഖ്യം കേവലഭൂരിപക്ഷം നേടി. 29 സീറ്റുകളിലാണ് സഖ്യം വിജയിച്ചത്. ഭരണകക്ഷിയായ എന്‍പിഎഫ് 27 സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ സ്വന്തമാക്കിയ കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായിരിക്കുകയാണ്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന മേഘാലയയിലും ഇത്തവണ ഭരണമാറ്റം ഉണ്ടാകാനാണ് സാധ്യത. തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 21 സീറ്റുകളില്‍ ജയിച്ചു കയറി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. എങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. പ്രാദേശിക പാര്‍ട്ടിയായ എന്‍പിപി 19 സീറ്റുകളുമായി തൊട്ടുപിന്നിലുണ്ട്. ബിജെപിയ്ക്ക് സംസ്ഥാനത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ് സ്വന്തമാക്കാനായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല