1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2021

സ്വന്തം ലേഖകൻ: നടൻ നെടുമുടി വേണുവിന് കേരളത്തിന്റെ യാത്രാമൊഴി. പ്രിയ നടന്റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സാംസ്കാരിക–സിനിമാ മേഖലയിലെ നിരവധിപേർ നെടുമുടി വേണുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാനത്തെത്തി. രാവിലെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനുവച്ച മൃതദേഹം ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശാന്തികവാടത്തിലേക്കു കൊണ്ടുപോയത്.

നടൻ വിനീത്, മണിയൻപിള്ള രാജു, മധുപാല്‍, ടി.പി.മാധവൻ, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവർ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, സമുദായ–സാംസ്കാരിക നേതാക്കൾ, നാടക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ വീട്ടിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിപേരെത്തി. മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി. പുലർച്ചെ ഒന്നരയോടെ നടൻ മോഹൻലാൽ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. ഒട്ടേറെ സിനിമകളിൽ അഭിനയത്തിന്റെ നെടുമുടി സ്പർശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി, 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്തപ്പോൾ മോഹൻലാൽ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങൾ പങ്കിട്ടു.

നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി. നെടുമുടി വേണുവിന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു. ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ നെടുമുടി വേണുവിന്റെ വിയോഗം അതീവ ദുഃഖകരമാണെന്നു ഗവർണർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.