1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2023

സ്വന്തം ലേഖകൻ: ഒരിക്കല്‍ കൂടി രാജ്യത്തിന്റെ അഭിമാനതാരമായിരിക്കുകയാണ് നീരജ് ചോപ്ര. ഹംഗറിയിലെ ബുഡാപ്പെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ 25-കാരന്‍. ജാവലിന്‍ ത്രോയില്‍ 88.17 മീറ്റര്‍ എറിഞ്ഞിട്ടാണ് നീരജ് സ്വര്‍ണവുമായി മടങ്ങിയത്. മത്സരത്തിനിടെ നേരിട്ടതിനേക്കാള്‍ വലിയൊരു പ്രതിസന്ധി മത്സരശേഷം നീരജ് നേരിട്ടു. മെഡല്‍ നേട്ടത്തിന് ശേഷം ഒരു ഹംഗേറിയന്‍ വനിത നീരജിനടുത്ത് ഓട്ടോഗ്രാഫിനായെത്തി.

അവര്‍ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത് ഇന്ത്യന്‍ പതാകയിലായിരുന്നു. അതിന് ശേഷമുള്ള നീരജിന്റെ പ്രവൃത്തി കളത്തിന് പുറത്തുമുള്ള താരത്തിന്റെ പക്വത കാണിക്കുന്നതായിരുന്നു. ഇന്ത്യന്‍ ആര്‍മിയില്‍ സുബേദാര്‍ കൂടിയായ നീരജ്, പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കാനാകില്ലെന്ന് അവരെ അറിയിക്കുകയും ശേഷം അവരുടെ ടിഷര്‍ട്ടിന്റെ സ്ലീവില്‍ ഓട്ടോഗ്രാഫ് നല്‍കുകയുമായിരുന്നു.

ജൊനാതന്‍ സെല്‍വരാജ് എന്ന മാധ്യമപ്രവര്‍ത്തകന്‍ പകര്‍ത്തിയ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇന്ത്യ ജന്മംനല്‍കിയ ഏറ്റവും മികച്ച അത്‌ലറ്റ് താനാണെന്ന് തങ്കലിപികളിലെഴുതാന്‍ ലോക അത്ലറ്റിക്‌സ് ഫൈനലില്‍ രണ്ടാമത്തെ ഏറിലെ 88.17 മീറ്റര്‍ തന്നെ ധാരാളമായിരുന്നു നീരജിന്. ഒളിമ്പിക്‌സ് അത്ലറ്റിക്‌സില്‍ സ്വര്‍ണം നേടിയ മറ്റൊരു ഇന്ത്യക്കാരനുണ്ടായിട്ടില്ല.

ഒളിമ്പിക്‌സിലും ലോക അത്ലറ്റിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഡയമണ്ട് ലീഗിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ മറ്റൊരു ഇന്ത്യന്‍ താരമില്ല ചരിത്രത്തില്‍. ലോക അത്ലറ്റിക്‌സില്‍ തുടര്‍ച്ചയായ രണ്ടു തവണ മെഡല്‍ നേടിയ ഇന്ത്യക്കാരുമില്ല. അത്ലറ്റിക് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നേടിയ ഒരു ഇന്ത്യന്‍ താരവുമില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.