
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് കൂടുതൽ ഗൾഫ് രാജ്യങ്ങളിൽ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദുബൈയിലും കുവൈത്തിലും പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച സാഹചര്യത്തിൽ സൗദിയിലും ഒമാനിലും ബഹ്റൈനിലും ഖത്തറിലും കേന്ദ്രങ്ങൾ ലഭിക്കാൻ സമ്മർദം ശക്തമാക്കാനാണ് വിവിധ സംഘടനകളുടെ തീരുമാനം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാന യാത്രക്കുള്ള തടസ്സങ്ങളാണ് പ്രവാസി വിദ്യാർഥികൾക്ക് മുന്നിൽ വിലങ്ങുതടിയായത്. മുൻ വർഷങ്ങളിൽ നാട്ടിലെ കേന്ദ്രങ്ങളിൽ എത്തിയാണ് ഇവർ പരീക്ഷ എഴുതിയത്. എന്നാൽ, പ്രതികൂല സാഹചര്യത്തിൽ ബഹ്റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചാൽ വിദ്യാർഥികൾക്ക് ഉപകാരമാകും. സൗദി അറേബ്യയിലും ഒമാനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യവുമായി പ്രവാസികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി വി മുരളീധരനും നിവേദനം നൽകി.
ബഹ്റൈനിലെ ഇന്ത്യൻ എംബസിയും ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ബഹ്റൈനിലും പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാറിനോട് ഉന്നയിച്ചതായി ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ എണ്ണവും പരിഗണിച്ചാണ് നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. ബഹ്റൈനിൽനിന്ന് 150ൽ താഴെ വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്.
അതേസമയം, ദുബൈയിലും കുവൈത്തിലും 500ന് മുകളിൽ വിദ്യാർഥികളുണ്ട്. വിദ്യാർഥികൾ കുറവാണെങ്കിലും ബഹ്റൈനിൽ പരീക്ഷ കേന്ദ്രം അനുവദിച്ചുകിട്ടാൻ ശ്രമം ഉൗർജിതമായി നടത്തുന്നുണ്ടെന്ന് അംബാസഡർ പറഞ്ഞു. ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രിൻസിപ്പൽമാരുടെ കൂട്ടായ്മയും ഇൗ ആവശ്യം ഉന്നയിക്കുന്നു.
ബഹ്റൈൻ കേരളീയ സമാജം, വേൾഡ് എൻ.ആർ.െഎ കൗൺസിൽ, െഎ.സി.എഫ്, കെ.എം.സി.സി തുടങ്ങിയ സംഘടനകളും രംഗത്തെത്തി. വിവിധ സംഘടനകൾ ഇന്ത്യൻ എംബസിക്കും കേന്ദ്ര സർക്കാറിനും നിവേദനം നൽകി. കേന്ദ്രം അനുവദിച്ചാൽ, അയൽരാജ്യമായ സൗദിയിൽനിന്നുള്ള വിദ്യാർഥികൾക്കും ഉപകാരപ്പെടും. കിങ് ഫഹദ് കോസ്വേ വഴി ഇവർക്ക് എളുപ്പത്തിൽ ബഹ്റൈനിൽ എത്താൻ കഴിയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല