
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷയ്ക്ക് യുഎഇയിൽ കേന്ദ്രം അനുവദിക്കാനുള്ള തീരുമാനം നൂറുകണക്കിന് വിദ്യാർഥികൾക്ക് ആശ്വാസമാകും. കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ പോയി പരീക്ഷ എഴുതുകയെന്ന തലവേദനയിൽ നിന്ന് പ്രവാസി വിദ്യാർഥികളും രക്ഷിതാക്കളും രക്ഷപ്പെടുകയും ചെയ്തു. ടി.എൻ. പ്രതാപൻ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകിയതിന് പിന്നാലെയാണ് പരീക്ഷാകേന്ദ്രം തുടങ്ങാമെന്ന ഉറപ്പു ലഭിച്ചത്.
സെപ്റ്റംബർ 12നു നടക്കുന്ന നീറ്റിന് ഓഗസ്റ്റ് 6 ന് അകം അപേക്ഷിക്കണം. അതിനു മുൻപ് യുഎഇ സെന്റർ ഓപ്ഷൻ വെബ്സൈറ്റിൽ ലഭ്യമാകണം. 93 സിബിഎസ്ഇ സ്കൂളുകളും 9 കേരള സിലബസ് സ്കൂളുകളുമുള്ള യുഎഇയിൽനിന്ന് നൂറുകണക്കിന് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്. എന്നാൽ 21 സിബിഎസ്ഇ സ്കൂളുകൾ മാത്രമുള്ള കുവൈത്തിലാണ് ഇന്ത്യയ്ക്കു പുറത്തെ ഏക പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നത്.
തുടർന്ന് യുഎഇയിലെയും മറ്റു ഗൾഫ് രാജ്യങ്ങളിലെയും വിദ്യാർഥികൾ സെന്റർ ആവശ്യപ്പെട്ട് ഓൺലൈൻ നിവേദനം അയച്ചിരുന്നു. യാത്രാ വിലക്കുള്ളതിനാൽ ജിസിസി രാജ്യങ്ങളിലുള്ള വിദ്യാർഥികൾക്കു കുവൈത്തിലോ നാട്ടിലോ പോയി പരീക്ഷ എഴുതാനാവില്ല. അതുകൊണ്ടുതന്നെ അതതു ഗൾഫ് രാജ്യങ്ങളിൽ എംബസിയുടെ മേൽനോട്ടത്തിൽ പരീക്ഷ നടത്തുന്നത് കൂടുതൽ ഗുണം ചെയ്യും.
പരീക്ഷാ കേന്ദ്രം തുടങ്ങുന്നത് സംബന്ധിച്ച് നേരത്തേ അറിയിപ്പ് ലഭിക്കാത്തതിനാൽ ഏതാനും കുട്ടികൾ ഇതിനകം നാട്ടിലേക്കു പോയിക്കഴിഞ്ഞു. നിലവിൽ ജെഇടി, കീം പരീക്ഷകൾക്കു ദുബായിൽ സെന്ററുണ്ട്. നേരത്തെ ഓൾ ഇന്ത്യ മെഡിക്കൽ എൻജിനീയറിങ് എൻട്രൻസിനും കേന്ദ്രമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല