1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2016

സ്വന്തം ലേഖകന്‍: യൂറോപ്പില്‍ തീവ്ര നിലപാടുകാരായ വലതുപക്ഷക്കാര്‍ വേരുറപ്പിക്കുന്നു, കുടിയേറ്റക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും കഷ്ടകാലം. വിവിധ യൂറേപ്യന്‍ രാജ്യങ്ങളിലെ വര്‍ദ്ധിച്ചു വരുന്ന അശാന്തിയും അസംതൃപ്തിയും മുതലെടുത്ത് തഴച്ചുവളരുന്ന വലതുപക്ഷ പാര്‍ട്ടികളുടെ തുറുപ്പുചീട്ടുകള്‍ ക്ഷേമരാഷ്ട്ര വാഗ്ദാനവും കടുത്ത കുടിയേറ്റ വിരുദ്ധതയുമാണ്.

2002 ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം റൗണ്ടില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി ലയണല്‍ ജോസ്പിനെ പരാജയപ്പെടുത്തി ഴാന്‍ മേരി ലീ പെന്‍ വിജയിച്ചപ്പോള്‍, യൂറോപ്പിലെ രാഷ്ട്രീയ നിരീക്ഷകര്‍ അന്തംവിട്ടു. തുടര്‍ന്ന് രണ്ടാം റൗണ്ടില്‍, തീവ്ര വലതുപക്ഷക്കാരനായ ലീ പെന്നിനെ തോല്‍പിക്കാന്‍ കമ്യൂണിസ്റ്റുകളും പരിസ്ഥിതി രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യലിസ്റ്റുകളും മിതവലതുപക്ഷത്തിന്റെ നെടുംതൂണെന്ന് അറിയപ്പെടുന്ന ജാക് ഷിറാക്കിനെ പിന്തുണക്കാന്‍ തീരുമാനിച്ചു. അങ്ങനെ മൃഗീയ ഭൂരിപക്ഷത്തോടെ ജാക് ഷിറാക് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയായിരുന്നു.

എന്നാല്‍ ലീ പെന്നാകട്ടെ അധികാരം പിടിക്കുക എന്നതിലുപരി മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച് തന്റെ തീവ്ര വലതുപക്ഷ ആശയങ്ങള്‍ വ്യാപക ചര്‍ച്ചയാക്കുക എന്ന ലക്ഷ്യം നേടുകയും ചെയ്തു. എന്നാല്‍, ലീ പെന്‍ നടത്തിയ നീക്കങ്ങളില്‍നിന്നും വ്യത്യസ്തമാണ് കഴിഞ്ഞ ഒന്നര ദശാബ്ദത്തിനിടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷം. ഭയം, സുവര്‍ണ ഭൂതകാല ഗൃഹാതുരത, വരേണ്യതയുടെ ഇടിച്ചില്‍ തുടങ്ങിയവ ഉപയോഗിച്ച് അവര്‍ അവരുടെ ശൃംഖല അനുദിനം വലുതാക്കിക്കൊണ്ടിരിക്കുകയാണ്.

ഈ തരംഗത്തിന്റെ മുന്‍നിരയിലുള്ളത് ലീ പെന്നിന്റെ മകള്‍ മറീന്‍ ലീ പെന്നാണ്. വടക്കന്‍ ഫ്രാന്‍സിലെ കുടിയേറ്റക്കാരുടെ കേന്ദ്രമായ കാലെ മുതല്‍ രാജ്യത്തിന്റെ തെക്കേയറ്റമായ കൂറ്റി ഡി അസര്‍ വരെയുള്ള പ്രദേശങ്ങളില്‍ മറിന്‍ ലീ പെന്നിന്റെ പാര്‍ട്ടി 40 ശതമാനം വോട്ടുനേടുമെന്ന് ഉറപ്പിച്ചു കഴിഞ്ഞിരിക്കുന്നു. നിയോ നാസികളെയും സെമിറ്റിക് വിരുദ്ധരെയും തള്ളിപ്പറയുന്ന ഇവര്‍ സ്വവര്‍ഗാനുരാഗികളെ ഉള്‍ക്കൊള്ളുന്നു.

ഇടതുപക്ഷ സ്വപ്നമായ ക്ഷേമരാഷ്ട്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വര്‍ധിച്ചുവരുന്ന കുടിയേറ്റം ഇതിന് കനത്ത ഭീഷണിയാണെന്നും അവര്‍ വാദിക്കുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കും സ്ത്രീകള്‍ക്കും സാമൂഹിക സമത്വം, സെമിറ്റിക് വിരുദ്ധതയില്‍നിന്നും ജൂതര്‍ക്ക് സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന അവര്‍, മുസ്ലിം കുടിയേറ്റമാണ് ഈ മൂന്ന് കൂട്ടര്‍ക്കും മുന്നിലെ പ്രധാന ഭീഷണിയെന്ന് സ്ഥാപിക്കുന്നു.

വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇസ്ലാം ഭീതി മുതലെടുത്ത്, തങ്ങളാണ് പശ്ചാത്യ സ്വത്വത്തിന്റെയും ഉദാരമൂല്യങ്ങളുടെയും വക്താക്കളെന്ന് സ്ഥാപിക്കാനും അവര്‍ക്ക് കഴിയുന്നു. കുടിയേറ്റക്കാര്‍ ഫ്രഞ്ച് ഗ്രാമങ്ങളിലത്തെി താമസമുറപ്പിക്കുമെന്നും അവിടെ അവരുടെ കുടുംബങ്ങള്‍ പെരുകുമെന്നുമാണ് വലതുപക്ഷത്തിന്റെ പ്രചാരണം.

ബ്രെക്‌സിറ്റിനു ശേഷം ഫ്രാന്‍സിലും, ഇംഗ്ലണ്ടിലും മാത്രമല്ല, നെതര്‍ലന്‍ഡ്‌സിലും ഡെന്‍മാര്‍ക്കിലുമൊക്കെ തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്. ഒരു കാലത്ത് പിന്തിരിപ്പനെന്ന് പറഞ്ഞ് പൊതുസമൂഹം അരികുകളിലേക്ക് ഒതുക്കിയിരുന്ന പ്രത്യയശാസ്ത്രങ്ങള്‍ വീണ്ടും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആനയിക്കപ്പെടുമ്പോള്‍ കുടിയേറ്റക്കാരും മുസ്ലീങ്ങളുമാണ് അതിന്റെ തിക്ത ഫലം അനുഭവിക്കുന്നവര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.